
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒക്ടോബറില്‍ നടക്കുന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയേക്കും. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 5.50 ശതമാനമായി മാറും. റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടേതാണ് ഈ വിലയിരുത്തല്‍.സെപ്റ്റംബര്‍ 18 മുതല്‍ 28 വരെ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 61 സാമ്പത്തിക വിദഗ്ധരില്‍ 35 പേരും (ഏകദേശം 60%) ഒക്ടോബര്‍ 5 മുതല്‍ 7 വരെ നടക്കുന്ന യോഗത്തില്‍ ആര്‍ബിഐയുടെ പണനയ സമിതി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50% ആക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പ സമ്മര്‍ദ്ദം രൂക്ഷമായാല്‍ പലിശ നിരക്ക് കൂട്ടുന്നതിനെ അനുകൂലിക്കുന്നതായി ഓഗസ്റ്റിലെ യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യത്തെ നിരക്ക് വര്‍ധനവായിരിക്കും ഇത്. പണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ ഡിസംബറിലും ഒരു തവണ കൂടി നിരക്ക് വര്‍ധിപ്പിച്ചേക്കും. ഇതോടെ സാധാരണക്കാരുടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ ഉയര്‍ന്നേക്കും.
മിഡില്‍ ഈസ്റ്റിലെ യുദ്ധം കാരണം ഊര്‍ജ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെ ലോകത്തെ പ്രധാന ബാങ്കുകളെല്ലാം പലിശ നിരക്ക് കൂട്ടാന്‍ തുടങ്ങുകയോ അതിനുള്ള ആലോചനയിലോ ആണ്. ഈ മാസം ആദ്യം പലിശ നിരക്ക് ഉയര്‍ത്തിയ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്, ഒരു തവണ കൂടി നിരക്ക് കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ പണപ്പെരുപ്പം ഓഗസ്റ്റില്‍ 4.82 ശതമാനമായി ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് ആര്‍ബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം നില്‍ക്കുന്നത്. ഇന്ധന, ഭക്ഷ്യ വിലകളിലുണ്ടായ വന്‍ വര്‍ധനവാണ് ഇതിന് പ്രധാന കാരണം.
ഈ വര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 6 ശതമാനത്തോളം ഇടിവാണുണ്ടായത്. നിരന്തരമായി രൂപയുടെ തകര്‍ച്ച നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ആര്‍ബിഐക്ക്, നിലവിലെ സാഹചര്യത്തില്‍ കറന്‍സിയെ പ്രതിരോധിക്കാന്‍ പലിശ നിരക്ക് കൂട്ടുകയല്ലാതെ മറ്റു വഴികളില്ലാത്ത അവസ്ഥയാണ്.