വീഴ്ച സമ്മതിച്ച് വിസ്‌ട്രോൺ , പുതിയ കരാറില്ലെന്ന് ആപ്പിൾ

By Web TeamFirst Published Dec 20, 2020, 3:32 PM IST
Highlights

വീഴ്ച സമ്മതിച്ച വിസ്‌ട്രോൺ  കോർപ്പറേഷൻ, തങ്ങളുടെ ഇന്ത്യ വൈസ് പ്രസിഡന്റിനെ പുറത്താക്കി. തൊഴിലാളികളോട് മാപ്പ് ചോദിച്ച കമ്പനി, ശമ്പള വർധനവ് ഉടൻ നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു. 

ബെംഗളൂരു: കർണാടക കോലാറിലെ ഐഫോൺ നിർമാണശാലയിൽ വേതനം ലഭിക്കാത്തതിനെ തുടർന്ന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട്, തങ്ങളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി വിസ്‌ട്രോൺ  കമ്പനി. പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ വിസ്‌ട്രോണിന്  പുതിയ കരാർ നൽകില്ലെന്ന് ആപ്പിൾ കമ്പനിയും തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയതോടെയാണ് കമ്പനിയുടെ തീരുമാനം.

വീഴ്ച സമ്മതിച്ച വിസ്‌ട്രോൺ കോർപ്പറേഷൻ, തങ്ങളുടെ ഇന്ത്യ വൈസ് പ്രസിഡന്റിനെ പുറത്താക്കി. തൊഴിലാളികളോട് മാപ്പ് ചോദിച്ച കമ്പനി, ശമ്പള വർധനവ് ഉടൻ നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു. വിസ്കോണിന്റെ പ്ലാന്റിലുണ്ടായ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി ഉൾപ്പടെ അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ക്ഷമാപണവും നടപടിയും ഉണ്ടായിരിക്കുന്നത്.

ആക്രമണത്തിന് ഇരയായ കോലാറിലെ പ്ലാന്റ് പ്രവർത്തിച്ചത് കരാർ വ്യവസ്ഥകൾ ലംഘിച്ചാണെന്ന് ആപ്പിൾ കണ്ടെത്തി. ആഭ്യന്തര കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തത്കാലം വിസ്‌ട്രോണിന് പുതിയ കരാർ നൽകേണ്ടെന്നാണ് ആപ്പിളിന്റെ തീരുമാനം. പ്ലാന്റിലെ തൊഴിലാളികൾ വലിയ തോതിൽ ചൂഷണത്തിന് ഇരയായിരുന്നുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയും നേരത്തെ കണ്ടെത്തിയിരുന്നു.

രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ഈ മാസം 12 ന് തൊഴിലാളികൾ ഫാക്ടറി അടിച്ചു തകർത്തത്. ദക്ഷിണേന്ത്യയിലേക്കുള്ള ആപ്പിൾ ഉപകരണങ്ങളും ഐഫോണുകളും നിർമിക്കുന്ന ഇടമാണ് ഈ പ്ലാന്റ്. 

click me!