ഇന്ത്യക്ക് ലോകബാങ്കിന്റെ 56,650 കോടി രൂപയുടെ സഹായം

By Web TeamFirst Published Jul 1, 2020, 9:59 PM IST
Highlights

അടുത്ത ഘട്ടത്തിൽ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ ലോകബാങ്ക് പ്രതിനിധികൾ കൂടിയാലോചന നടത്തും.

ദില്ലി: ഇന്ത്യക്ക് 750 ദശലക്ഷം അമേരിക്കൻ ഡോളർ ലോകബാങ്ക് സഹായം നൽകി. കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ഗുരുതര പ്രതിസന്ധിയിലായ ചെറുകിട മേഖലയെ സഹായിക്കാൻ 56,651.25 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഇതോടെ രാജ്യത്തെ 15 ലക്ഷത്തോളം സൂക്ഷ്മ-ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും ദശലക്ഷക്കണക്കിന് തൊഴിൽ സംരക്ഷിക്കാനും സാധിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു. എംഎസ്എംഇകളെ സാമ്പത്തിക ആഘാതത്തിൽ നിന്ന് സംരക്ഷിക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇത് സഹായകരമാകും.

ഇതിലൂടെ എംഎസ്എംഇകളെയും എൻബിഎഫ്‌സികളെയും (ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ) സഹായിക്കാനാകുമെന്നാണ് കരുതുന്നത്. ഈ തുക പ്രത്യേകമായി ഏത് മേഖലയ്ക്കാണ് വിനിയോ​ഗിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ല. അടുത്ത ഘട്ടത്തിൽ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ ലോകബാങ്ക് പ്രതിനിധികൾ കൂടിയാലോചന നടത്തും.

click me!