'ഇന്ത്യയാണ്‌ ശരി': കൊവിഡ് കാല പ്രവർത്തനത്തെ അഭിനന്ദിച്ച് ലോകബാങ്ക് തലവൻ

By Web TeamFirst Published Oct 5, 2022, 9:21 PM IST
Highlights

ഇന്ത്യയിൽ കൊവിഡ് കാലത്ത് ഡിജിറ്റൽ ക്യാഷ് ട്രാൻസ്ഫർ വഴി ഗ്രാമീണരായ 85 ശതമാനം പേർക്കും നഗരങ്ങളിൽ താമസിക്കുന്ന 69 ശതമാനം പേർക്കും സഹായം എത്തി. മറ്റു രാജ്യങ്ങൾ സബ്സിഡികളിൽ കേന്ദ്രീകരിച്ചപ്പോൾ നിസ്സഹായരായ മനുഷ്യർക്ക് നേരിട്ട് പണം എത്തിച്ച ഇന്ത്യയുടെ നടപടിയെ മറ്റെല്ലാ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ് എന്നും  ലോക ബാങ്ക് അധ്യക്ഷൻ വ്യക്തമാക്കി.

ദില്ലി: കൊവിഡ് കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യർക്ക് ഇന്ത്യ നൽകിയ പിന്തുണയെ പ്രകീർത്തിച്ച് ലോക ബാങ്കിന്റെ അധ്യക്ഷൻ. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റു രാജ്യങ്ങൾ സ്വീകരിക്കണമെന്നും ലോക ബാങ്ക് അധ്യക്ഷൻ ഡേവിഡ് മൽപ്പാസ് ആവശ്യപ്പെട്ടു.

ദാരിദ്ര്യ നിർമാർജനത്തിൽ ലോകരാഷ്ട്രങ്ങൾ കൈവരിച്ചു കൊണ്ടിരുന്ന മുന്നേറ്റം കൊവിഡ് കാലത്ത് ഇല്ലാതായെന്നും ഡേവിഡ് മൽപ്പാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 30 വർഷം കൊണ്ട് ഒരു ബില്യൺ ജനത ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഏറ്റവും ദരിദ്രമായ രാജ്യങ്ങൾ നില മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം നേരിട്ടത് ഏറ്റവും ദരിദ്രരായ മനുഷ്യരാണ്. സമ്പന്ന വിഭാഗത്തിലെ 20 ശതമാനത്തിന്റെ വരുമാനത്തേക്കാൾ, ദരിദ്ര വിഭാഗത്തിലെ 40 ശതമാനം പേർക്ക് ഉണ്ടായ വരുമാന നഷ്ടം വലുതാണ്‌. ആഗോളതലത്തിൽ സാമ്പത്തിക അസമത്വം ഇക്കാലത്ത് കൂടുതൽ വളർന്നു.

ഇന്ത്യയിൽ കൊവിഡ് കാലത്ത് ഡിജിറ്റൽ ക്യാഷ് ട്രാൻസ്ഫർ വഴി ഗ്രാമീണരായ 85 ശതമാനം പേർക്കും നഗരങ്ങളിൽ താമസിക്കുന്ന 69 ശതമാനം പേർക്കും സഹായം എത്തി. മറ്റു രാജ്യങ്ങൾ സബ്സിഡികളിൽ കേന്ദ്രീകരിച്ചപ്പോൾ നിസ്സഹായരായ മനുഷ്യർക്ക് നേരിട്ട് പണം എത്തിച്ച ഇന്ത്യയുടെ നടപടിയെ മറ്റെല്ലാ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ് എന്നും  ലോക ബാങ്ക് അധ്യക്ഷൻ വ്യക്തമാക്കി.

Read Also: ഇടിയുന്ന ക്രൂഡോയിൽ വില ഉയർത്തണം; ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം

click me!