കനത്ത തിരിച്ചടി നേരിട്ട് ലോകത്തിലെ ഏറ്റവും വലിയ ധനികൻ; നഷ്ടമായത് ലക്ഷകണക്കിന് കോടികൾ

Published : May 24, 2023, 04:25 PM ISTUpdated : Jun 01, 2023, 12:38 PM IST
കനത്ത തിരിച്ചടി നേരിട്ട് ലോകത്തിലെ ഏറ്റവും വലിയ ധനികൻ; നഷ്ടമായത് ലക്ഷകണക്കിന് കോടികൾ

Synopsis

ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് ലക്ഷകണക്കിന് കോടികൾ. ലോകത്തിലെ ഏറ്റവും വലിയ ധനികന് കനത്ത തിരിച്ചടി

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 11.2 ബില്യൺ ഡോളർ. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട്  ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇയുടെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമാണ്. 

യൂറോപ്യൻ ആഡംബര കമ്പനികളുടെ ഓഹരി വിലകൾ 2023-ന്റെ ആദ്യമാസങ്ങളിൽ കുതിച്ചുയർന്നപ്പോൾ  ബെർണാഡ് അർനോൾട്ടിന്റെ ആസ്തി കുതിച്ചുയർന്നു. എന്നാൽ ഓഹരി കൂപ്പുകുത്തിയതോടുകൂടി ആസ്തി ഇടിഞ്ഞു. എൽവിഎംഎച്ച് ഓഹരികൾ പാരീസിൽ 5 ശതമാനം ഇടിഞ്ഞു. 

ശതകോടീശ്വരൻമാരുടെ ബ്ലൂംബെർഗ് സൂചിക പ്രകാരം ബെർണാൽഡ് അർനോൾട്ടിന് ഇപ്പോഴും 191.6 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഈ വർഷം ഇതുവരെ 29.5 ബില്യൺ ഡോളർ അദ്ദേഹം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ആർനോൾട്ടിന്റെയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഇലോൺ മസ്‌കിന്റെയും സമ്പത്ത് തമ്മിലുള്ള അന്തരം വെറും 11.4 ബില്യൺ ഡോളറായി ചുരുങ്ങി. 

കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നേടിയ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനെ മറികടന്നാണ് ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായത്. കഴിഞ്ഞ വർഷം അവസാനം ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം അടക്കി വാണിരുന്ന ഇലോൺ മാസ്കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞതോടെയാണ് 73 കാരനായ ബെർണാഡ് അർനോൾട്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്. 

അഞ്ച് മക്കളാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ബെർണാഡ് അർനോൾട്ടിന്. മൂത്ത മകൻ അന്റോയിൻ അർനോൾട്ട് ഡിസംബറിൽ എൽവിഎംഎച്ച് നിയന്ത്രിക്കുന്ന ഹോൾഡിംഗ് കമ്പനിയായ ക്രിസ്റ്റ്യൻ ഡിയർ എസ്ഇയുടെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാമത്തെ മകൻ അലക്‌സാന്ദ്രെ അർനോൾട്ട് ജ്വല്ലറി ബ്രാൻഡായ ടിഫാനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അദ്ദേഹം മുമ്പ് ലഗേജ് നിർമ്മാതാവായ റിമോവയുടെ സിഇഒ ആയിരുന്നു. മൂന്നാമത്തെ മകൻ ഫ്രെഡറിക് വാച്ച് മേക്കർ ടാഗ് ഹ്യൂവറിന്റെ സിഇഒയാണ്. 2017-ൽ ചേർന്ന വാച്ച് ലേബലിൽ സ്ട്രാറ്റജിയുടെ തലവനും ഡിജിറ്റൽ ഡയറക്ടറുമായിരുന്നു അദ്ദേഹം. ഫ്രാൻസിലെ ഇക്കോൾ പോളിടെക്നിക്കിൽ നിന്ന് ബിരുദധാരിയാണ് ഫ്രെഡറിക്. മറ്റൊരു മകൻ ജീൻ അർനോൾട്ട്, ലൂയി വിറ്റണിൽ വാച്ച് ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടറാണ്. ജീൻ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സാമ്പത്തിക ഗണിതത്തിലും ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ