LIC IPO : സമയം ശരിയല്ല; എൽഐസിയുടെ ഐപിഒ തെറ്റായ സമയത്തെന്ന് പി ചിദംബരം

By Web TeamFirst Published Apr 28, 2022, 12:42 PM IST
Highlights

സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിൽ പണത്തിന് കുറവുണ്ടാകില്ല. ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ഐപിഒ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.

എൽഐസി ഐപിഒയെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി മുൻ ധനമന്ത്രി പി ചിദംബരം. നിലവിൽ എൽഐസിയുടെ ഐപിഒ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു ഐപിഒ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. തെറ്റായ സമയത്താണ് എൽഐസിയുടെ ഐപിഒ എന്ന് അദ്ദേഹം വ്യക്തമാക്കി. 

 "പ്രത്യക്ഷ നികുതി പിരിവ് ശക്തമാണെന്ന് സർക്കാർ അവകാശപ്പെടുന്നു, പിന്നെ ഒരു പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ ഐ‌പി‌ഒ കൊണ്ടുവരാനുള്ള വ്യഗ്രത എന്താണ്? സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിൽ പണത്തിന് കുറവുണ്ടാകില്ല. ഒരു പുതിയ സാമ്പത്തിക വർഷം ആരംഭിച്ചാൽ ആദ്യ പാദത്തിൽ ഫണ്ടുകൾക്ക് കുറവ് ഉണ്ടാകാറില്ല. നിങ്ങൾക്ക് തീർച്ചയായും ഇത് പിന്നീടൊരിക്കൽ ചെയ്യാം. നിലവിൽ ഒരു ഐപിഒ ചെയ്യുന്നത് തികച്ചും തെറ്റായ സമയമാണെന്ന് ഞാൻ കരുതുന്നു." എന്ന് മുൻ ധനമന്ത്രി വ്യക്തമാക്കി. ആദ്യം ഐപിഒയുടെ വലുപ്പം കുറയ്ക്കുകയും ഓഫർ വില കുറയ്ക്കുകയും ചെയ്തു. ഇതിൽ നിന്നും വ്യക്തമാണ് ഇപ്പോൾ ഒരു ഐപിഒ അനുകൂലമല്ല എന്നുള്ളത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അതിന്റെ പ്രാരംഭ പബ്ലിക് ഓഫർ മെയ് 4 ന് ആരംഭിക്കുമെന്നും മെയ് 9 വരെ വില്പന നടത്തുമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ബുധനാഴ്ച അറിയിച്ചിരുന്നു. 902-949 പ്രൈസ് ബാൻഡിലായിരിക്കും ഓഹരികൾ വിൽക്കുക. പോളിസി ഉടമകൾക്ക് 60 രൂപ കിഴിവും റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറന്‍സ് കമ്പനിയായ എൽഐസി, മെഗാ ഐപിഒ അവസാനിച്ചതിന് ശേഷം, മെയ് 17 ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

എൽഐസിയുടെ ലിസ്റ്റിംഗ് സർക്കാരിന്റെ ദീർഘകാല വീക്ഷണത്തോടെയുള്ള   ചുവടുവെപ്പാണെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ എൽഐസിയുടെ  മൂല്യം വളരെയധികം ഉയർത്തുമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു. 

click me!