500 പേരെ പിരിച്ചുവിട്ട് യെസ് ബാങ്ക്; വരും ദിവസങ്ങളിൽ കൂടുതൽ പേരെ പുറത്താക്കിയേക്കും, കാരണം ഇതാണ്

Published : Jun 26, 2024, 06:01 PM ISTUpdated : Jun 27, 2024, 11:08 AM IST
500 പേരെ പിരിച്ചുവിട്ട് യെസ് ബാങ്ക്; വരും ദിവസങ്ങളിൽ കൂടുതൽ പേരെ പുറത്താക്കിയേക്കും, കാരണം ഇതാണ്

Synopsis

കൂടുതൽ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. പിരിച്ചുവിട്ട ജീവനക്കാർക്ക് 3 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്.

രാജ്യത്തെ തൊഴിൽ  മേഖലയിലെ പിരിച്ചുവിടലിന്റെ വാർത്തകൾ അവസാനിക്കുന്നില്ല. സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങൾ  പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചെലവ് ചുരുക്കി ഡിജിറ്റൽ ബാങ്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ പദ്ധതി. ബാങ്കിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും കൂടുതൽ ലാഭകരമാക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. പിരിച്ചുവിട്ട ജീവനക്കാർക്ക് 3 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. പിരിച്ചുവിടലിന്റെ ഏറ്റവും വലിയ ആഘാതം ബാങ്ക് ശാഖകളിലാണ് ഉണ്ടായിരിക്കുന്നത്.  മൊത്തവ്യാപാര ബാങ്കിംഗ് മുതൽ റീട്ടെയിൽ ബാങ്കിംഗ് വരെയുള്ള വിവിധ വിഭാഗങ്ങളിലുള്ളവരും പിരിച്ചുവിടപ്പെട്ടവരിലുണ്ട്.

കടുത്ത പ്രതിസന്ധിയിലായിരുന്ന യെസ് ബാങ്ക് തിരിച്ചു വരവിന്റെ ഭാഗമായി നടപ്പാക്കുന്ന പുനഃസംഘടിപ്പിക്കൽ നടപടികൾ തുടരുകയാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്ന വിദഗ്ധന്റെ ഉപദേശത്തിന് ശേഷമാണ് പിരിച്ചുവിടൽ തുടങ്ങിയത്. തൊഴിലാളികളുടെ എണ്ണം സന്തുലിതമാക്കുന്നതിനും ശക്തമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമാണ് കർശനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ബാങ്ക് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം യെസ് ബാങ്കിന്റെ പ്രവർത്തന ചെലവിൽ 17 ശതമാനം വർധനയുണ്ടായിരുന്നു. 2023-നും 2024-നും ഇടയിൽ ജീവനക്കാരുടെ ചെലവിൽ 12 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ യെസ് ബാങ്ക് ജീവനക്കാർക്കായി 3774 കോടി രൂപയാണ് ചെലവഴിച്ചത്.

യെസ് ബാങ്ക് പ്രതിസന്ധി

2014 മാർച്ച് 31 ലെ ബാങ്കിന്റെ ലോൺ ബുക്ക് 55,633 കോടി രൂപയും നിക്ഷേപം 74,192 കോടി രൂപയുമായിരുന്നു. അതിനുശേഷം, ലോൺ ബുക്ക് ഏകദേശം നാലിരട്ടിയായി വളർന്നു, 2019 സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് ഇത് 2.25 ട്രില്യൺ രൂപയായി. നിക്ഷേപ വളർച്ചയുടെ വേഗത നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ബാങ്കിന്റെ ആസ്തി നിലവാരം മോശമാവുകയും ചെയ്തതോടെ ആർബിഐ ബാങ്കിനെ നിരീക്ഷണത്തിൻ കീഴിലാക്കുകയായിരുന്നു. 2019 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ യെസ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഇരട്ടിയായി വർധിച്ച് 17,134 കോടി രൂപയായി. പ്രതിസന്ധി രൂക്ഷമായതോടെ ആർബിഐ 2020ൽ ബാങ്കിനെ ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം നടപ്പാക്കി തുടങ്ങിയ പുനഃക്രമീകരണ നടപടികളാണ് ഇപ്പോഴും തുടരുന്നത്.

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ