
കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകള്‍ തുറക്കാൻ സാധ്യതയേറിയതോടെ എറണാകുളം ജില്ലയിൽ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ദേശീയ ദുരന്തനിവാരണസേനയും കര നാവിക സേനകളും അടിയന്തര സാഹചര്യം നേരിടാൻ തയാറാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകള്‍ സൃഷ്ടിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാകളക്ടർ മുന്നറിയിപ്പുനല്‍കി.
ഇടുക്കി, ഇടമലയാർ ഡാമുകള്‍ തുറന്നാല്‍ ഭൂതത്താന്‍കെട്ട് ഡാമിലാണ് വെള്ളം ഒഴുകിയെത്തുക. കഴിഞ്ഞ മൂന്നാഴ്ചയായി ഭൂതത്താന്‍കെട്ട് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. എറണാകുളം ജില്ലയിലെ 51 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് മുന്‍കരുതല്‍ പട്ടികയിലുള്ളത്. വെള്ളപ്പൊക്കമുണ്ടായാല്‍ നേരിടാന്‍ അധികൃതർ തയാറായികഴിഞ്ഞു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എത്തിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ബറ്റാലിയനും ആലുവയില്‍ ക്യാന്പ് ചെയ്യുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തില്‍ സ്പെഷല്‍ ഫോഴ്സും, നാവിക വ്യോമ സേനകളും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണ്.
അണക്കെട്ടുക്കള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ റേഡിയോ, പത്ര, ദൃശ്യമാധ്യമങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കും. പെരിയാര്‍ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കും. ഇത്തരം ഔദ്യോഗികസ്രോതസുകളെ മാത്രമേ അറിയിപ്പുകള്‍ക്കായി ആശ്രയിക്കേണ്ടതുള്ളൂ. നിലവില്‍ ആദ്യഘട്ട മുന്നറിയിപ്പ് മാത്രമേ നല്‍കിയിട്ടുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam