കൽബുർഗിയിൽ പത്തുവയസ്സുകാരിയെ 'ദേവദാസി'യാക്കി

By Web DeskFirst Published Jul 12, 2017, 11:16 PM IST
Highlights

കൽബുർഗി: വടക്കൻ കർണാടകത്തിലെ കൽബുർഗിയിൽ പത്തുവയസ്സുകാരിയെ അസുഖം മാറാൻ ദേവദാസി സമ്പ്രദായത്തിന്‍റെ ഭാഗമാക്കിയ രക്ഷിതാക്കളും ക്ഷേത്ര പൂജാരിയും അറസ്റ്റിലായി. ഗ്രാമത്തിലെ പ്രായമേറിയ ആൾക്കൊപ്പം കുട്ടിയെ പറഞ്ഞയക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടികളെ നിർബന്ധിച്ച് ദേവദാസിയാക്കുന്ന ഒട്ടേറെ കേസുകളില്‍ അവസാനത്തേതാണ് ഇത്. 

അഞ്ച് വയസ്സായിരുന്നു അവൾക്ക് പ്രായം.എല്ലാ  കുട്ടികളെയും പോലെ ആയിരുന്നില്ല. വിട്ടുമാറാത്ത ചുമ,ക്ഷീണം,രോഗക്കിടക്കയിലായിരുന്നു ഭൂരിഭാഗം ദിവസങ്ങളിലും.കൽബുർഗിയിലെ ഉൾഗ്രാമങ്ങളിലൊന്നിൽ കൂലിപ്പണിക്കാരായി കഴിഞ്ഞ ദളിത് വിഭാഗത്തിൽപ്പെട്ട അവളുടെ അച്ഛനുമമ്മയും മകളുടെ അസുഖം മാറാൻ വഴി കണ്ടെത്തി.നാട്ടിലെ ക്ഷേത്രത്തിലെ പൂജാരി ശരണപ്പയുടെ അടുത്തെത്തി.മരുന്നുകളൊന്നും ഫലിക്കാതിരുന്ന അസുഖത്തിന് പൂജാരി പരിഹാരം കണ്ടു.അഞ്ചുവയസ്സുകാരിയെ ദേവദാസിയാക്കണം.

അവളുടെ രക്ഷിതാക്കൾ സമ്മതിച്ചു.മംഗല്യസൂത്രം അണിയിച്ച് ക്ഷേത്രപൂജാരി അവളെ ദേവന്‍റെ ഭാര്യയാക്കി.മംഗല്യസൂത്രമണിഞ്ഞ് അഞ്ച് വർഷം.പത്താം വയസ്സിൽ ഗ്രാമത്തിലെ മുതിർന്ന ഒരാൾക്കൊപ്പം പോകാൻ അവളെ നിർബന്ധിച്ചു. പെൺകുട്ടി തയ്യാറായില്ല. പരാതി ചൈൽഡ് ലൈനിലെത്തി.ദേവദാസിയാകാൻ നിർബന്ധിക്കപ്പെട്ട കുട്ടിയെ അവർ രക്ഷപ്പെടുത്തി.കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. അച്ഛനും അമ്മയും ഒപ്പം എഴുപതുകാരനായ പൂജാരി ശരണപ്പയും അറസ്റ്റിലായി.ചോദ്യം ചെയ്തപ്പോൾ നിരവധി കുട്ടികളെ ഇയാൾ ദേവദാസി സമ്പ്രദായത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ടെന്ന് വ്യക്തമായി.

കർണാടത്തിൽ ദേവദാസി സമ്പ്രദായം ഇന്നും തുടരുന്നുവെന്നതിന്‍റെ ഏറ്റവും ഒടുവിലെ തെളിവ് മാത്രമാണിത്.1982ലെ ദേവദാസി നിരോധന നിയമം നിലവിലുണ്ടെങ്കിലും ഇപ്പോഴും തുടരുന്ന ദുരാചാരം.പിന്നാക്ക ജില്ലകളിലാണ് സജീവം. സ്കൂളിൽ വന്നുകൊണ്ടിരുന്ന പെൺകുട്ടികളെ പെട്ടെന്നൊരു ദിവസം മുതൽ കാണാതാവും.വിവാഹപ്രായമെത്തുന്നതിന് മുമ്പേ അവരെ ഗ്രാമത്തിലെ പ്രായമേറിയ ആൾക്കൊപ്പം അയച്ചിട്ടുണ്ടാകും.പലരും ലൈംഗികമായി പീഡിപ്പിക്കപ്പെടും.

ലൈംഗിക തൊഴിലെടുക്കാൻ നിർബന്ധിതരാകും.കൽബുർഗിയിലെ പത്തുവയസ്സുകാരിക്ക് ഭാഗ്യം കൊണ്ടാണ് ഈ ഗതി ഒഴിവായത്.സ്കൂളിൽ കുട്ടി വരുന്നില്ലെന്ന് കണ്ടിട്ടും അധികൃതരെ അറിയിക്കാതിരുന്ന രണ്ട് അധ്യാപകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ദേവദാസി നിർമൂലന സമിതിയിൽ നിന്ന് സർക്കാർ റിപ്പോർട്ടും തേടിയിട്ടുണ്ട്. മതിയായ ബോധവത്കരണമില്ലാത്തതാണ് കർണാടകത്തിലെ ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം കേസുകളുണ്ടാകുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.

click me!