അസമിൽ കനത്ത മഴ; കാസിരംഗ നാഷണൽ പാർക്കിൽ വെള്ളം കയറി

By Web DeskFirst Published Jul 27, 2016, 8:28 AM IST
Highlights

ഗുവാഹട്ടി: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ അസമിൽ ഒന്നരലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു..ഇതുവരെ പത്ത് പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിന്റെ എൺപത് ശതമാനം പ്രദേശത്ത് വെള്ളം കയറി.

മഴ ശക്തിപ്രാപിച്ചതോടെ ബ്രഹ്മപുത്രയും പോഷക നദികളും കരകവിഞ്ഞതാണ് അസമിൽ സ്ഥിതിഗതികൾ രൂക്ഷമാക്കിയത്.ദ്രൂബ്രി ജില്ലയെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. രണ്ടര ലക്ഷത്തോളം പേർ ദ്രൂബ്രിയിൽ മാത്രം വെള്ളപ്പൊക്ക കെടുതിയിൽ ദുരിതമനുഭവിക്കുകയാണ്. ഇതുകൂടാതെ ദേമാഞ്ചി,ഗോലാഗട്ട് അടക്കം പത്ത് ജില്ലകളെ വെള്ളപ്പൊക്കം വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഒന്നരലക്ഷത്തോളം ആളുകളെ വിവിധ ജില്ലകളിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തിൽ ഇതുവരെ 10പേർക്ക് ജീവന നഷ്ടമായി. 1.37 ലക്ഷം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി വളർത്തുമൃഗങ്ങളും ചത്തിട്ടുണ്ട്. കാസിരംഗ നാഷണൽ പാർക്കിന്റെ എൺപത് ശതമാനം പ്രദേശങ്ങളിലും വെള്ളം കയറിയെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രഹ്മപുത്രയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അസമിലെ ദുരന്ത നിവാരമ അതോറിറ്റിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

click me!