ടി എം കൃഷ്ണയ്‌ക്കും ബെസ്‌വാഡ വില്‍സണും മഗ്സസെ പുരസ്കാരം

By Web DeskFirst Published Jul 27, 2016, 8:09 AM IST
Highlights

ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്‌ക്കും സാമൂഹ്യപ്രവര്‍ത്തകന്‍ ബെസ്‌വാഡ വില്‍സണും ഈ വ‍ര്‍ഷത്തെ മഗ്സസെ പുരസ്കാരം. മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്ന ജോലിയിലേര്‍പ്പെടുന്ന ശുചീകരണത്തൊഴിലാളികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ സഫായി കര്‍മചാരി ആന്ദോളന്‍ നേതാവാണ് ബെസ്‌വാഡ വില്‍സണ്‍. കര്‍ണാടക സംഗീതരംഗത്തെ ജാതിവിലക്കുകള്‍ക്കെതിരെ എന്നും ശക്തമായി പ്രതികരിച്ചിട്ടുള്ള ടി എം കൃഷ്ണയ്‌ക്ക് ഈ പുരസ്കാരം നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്.

ദക്ഷിണേന്ത്യന്‍ ശാസ്‌ത്രീയ സംഗീത രംഗത്തെ യുവാക്കളില്‍ ശ്രദ്ധേയനായ ടിഎം കൃഷ്ണ പാട്ടുകളില്‍ രാഗങ്ങള്‍ ഇടകലര്‍ത്തുന്നത് പോലുമെതിര്‍ക്കുന്ന ശുദ്ധസംഗീത വാദിയാണ്. പക്ഷേ സംഗീതലോകത്തെ അശുദ്ധിയെ അദ്ദേഹം തുറന്നെതിര്‍ത്തു. സംഗീതരംഗത്തെ മുള്ളുകളുള്ള ജാതിവേലി തകര്‍ത്തില്ലെങ്കില്‍ പ്രസിദ്ധമായ ചെന്നൈ സംഗീതോത്സവത്തിലിനി പാടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് കൃഷ്ണ. കര്‍ണാടക സംഗീതലോകത്തെ ചര്‍ച്ച ചെയ്യപ്പെടാതിരുന്ന ബ്രാഹ്മണിക്കല്‍ വരേണ്യത്വം തുറന്നു പറയാന്‍ ധൈര്യം കാണിച്ച സംഗീതജ്ഞന്‍ കൂടിയാണ് ടി എം കൃഷ്ണ.

കര്‍ണാടകയിലെ കോലാറില്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ബെസ്‌വാഡ വില്‍സണ്‍ തന്റെ അച്ഛനടക്കമുള്ള കുടുംബാംഗങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നത് കണ്ടാണ് വളര്‍ന്നത്. മികച്ച വിദ്യാഭ്യാസം നേടിയിട്ടും വില്‍സണെ തോട്ടിയെന്ന പേര് വിടാതെ പിന്തുടര്‍ന്നു. മനുഷ്യവിസര്‍ജ്യം ചുമന്നു മാറ്റുന്ന ജോലി നിയമം മൂലം നിരോധിയ്‌ക്കപ്പെട്ടിട്ടും ഇപ്പോഴും ദളിതര്‍ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് കണ്ടാണ് വില്‍സണ്‍ സഫായി കര്‍മചാരി ആന്ദോളന്‍ എന്ന സംഘടന രൂപീകരിച്ചത്.

അങ്ങനെ ഇന്ത്യയിലെ ജാതിവെറിക്കെതിരെ ശബ്ദമുയ‍ര്‍ത്തുകയാണ് ഈ വര്‍ഷത്തെ റമണ്‍ മഗ്സസെ പുരസ്കാര സമ്മാനിതരായ രണ്ട് പേരും. ജാതിവിലക്കുകള്‍ക്കെതിരെ, ദളിതരുടെ വിമോചനത്തിന് ധീരമായ നിലപാടുകളെടുത്തവര്‍.

click me!