
കാണ്‍പൂര്‍: കാൺപൂരിൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച 12വയസ്സുകാരൻ അച്ഛന്റെ തോളിൽ കിടന്ന് മരിച്ചു. മറ്റൊരു ആശുപത്രിയിലേക്ക് കാൽനടയായി കൊണ്ടുപോകും വഴിയായിരുന്നു മരണം. കടുത്ത പനിയെതുടർന്നാണ് സുനിൽ കുമാർ മകൻ അൻഷിനെ ലാല ലജ്പത് റായ് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. ചികിത്സ നിഷേധിച്ച ഡോക്ടർമാർ സ്ട്രെച്ചർ സൗകര്യവും ഒരുക്കിയില്ല.
മകന്റെ ആരോഗ്യനില ഗുരുതരമാണെന്ന് സുനിൽകുമാർ കേണപേക്ഷിച്ചിട്ടും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചെവിക്കൊണ്ടില്ല.അരമണിക്കൂറോളം ആശുപത്രിയിൽ കാത്തുകെട്ടിക്കിടന്നെങ്കിലും ഫലമുണ്ടായില്ല.അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസും വിട്ടു നൽകിയില്ല. പിന്നീടാണ് മകനേയും തോളിൽ ചുമന്ന് സുനിൽ കുമാർ തൊട്ടടുത്തുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കാൽ നടയായി പോയത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ അൻഷ് മരിച്ചു.
ആശുപത്രിയിൽ നിന്ന് മകന്റെ മൃതദേഹം തോളിൽ ചുമന്നാണ് സുനിൽ കുമാർ വീട്ടിലെത്തിച്ചത്. സംഭവത്തെകുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ഒഡിഷയിലെ ആദിവാദി ജില്ലയായ കലഹന്തിയിൽ ക്ഷയരോഗം പിടിച്ച് മരിച്ച യുവതിയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാൻ ഭവർത്താവിന് മകൾക്കൊപ്പം പത്ത് കിലോമീറ്റർ നടക്കേണ്ടി വന്ന വാർത്തയ്ക്ക് പിന്നാലെയാണ് അവഗണനയുടെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam