നേപ്പാളിലെ ഭദ്രാപൂരിൽ 55 പേരുമായി ലാൻഡ് ചെയ്ത ബുദ്ധ എയറിന്റെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ തെന്നിമാറി. കാഠ്മണ്ഡുവിൽ നിന്നെത്തിയ വിമാനത്തിലെ 51 യാത്രക്കാരും 4 ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. 

കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 9N-AMF, ATR 72-500 നമ്പർ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ട്രാക്കറുകൾ പറയുന്നു. കാഠ്മണ്ഡുവിൽ നിന്ന് സാങ്കേതിക, ദുരിതാശ്വാസ സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു.

വിമാനം റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ ഒരു അരുവിക്ക് സമീപത്തേക്കാണ് തെന്നിമാറിയത്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. നേപ്പാൾ വ്യോമയാനത്തിന്റെ സുരക്ഷാ രേഖ പലപ്പോഴും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. 2024 ജൂലൈയിൽ, കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസിന്റെ ഒരു ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേർ മരിച്ചു. 2023 ജനുവരിയിൽ, യെതി എയർലൈൻസിന്റെ ഒരു ATR 72 പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 68 യാത്രക്കാരും 4 ക്രൂ അംഗങ്ങളും മരിച്ചു.