
തിരുവനന്തപുരം: അടച്ചൂപൂട്ടാനായി സർക്കാറിന് അപേക്ഷ നൽകി കാത്തിരിക്കുന്നത് 14 സ്കൂളുകൾ കൂടി. മലാപ്പറമ്പ് മാതൃകയിൽ ഇവയെല്ലാം ഏറ്റെടുത്താൽ കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ 14 എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളാണ് താഴിടാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്. തൃശൂരിലും പാലക്കാട് മൂന്ന് വീതം സ്കൂളുകളുണ്ട് പട്ടികയിൽ.
പത്തനംതിട്ട അതിരുങ്കൽ യുപിസ്കൂൾ മാനേജറുടെ അപേക്ഷയിൽ 2013 ൽഎഇഒ പൂട്ടാൻ ഉത്തരവിട്ടെങ്കിലും നടപ്പായില്ല. നിലവിൽ ഇവിടെ 15 കുട്ടികളുണ്ട്. പത്തനംതിട്ടയിലെ എസ്ഐഎസ്എൽപി മാനേജർ 2013ലാണ് പൂട്ടനുള്ള അപേക്ഷ ഡിപിഐക്ക് നൽകിയത്. ഇപ്പോൾ പരാതി കോടതിയുടെ പരിഗണനയിൽ. ആലപ്പുഴയിലെ വൈഎംഎംഎൽപി പൂട്ടാൻ 2013ലും പള്ളിക്കൽ ചിത്രവിലാസം 2009 ലും അപേക്ഷ നൽകി. 2012ലാണ് കോട്ടയം പടിഞ്ഞാറ്റുഭാഗം സെന്റ് ജോസഫ് എൽപി പൂട്ടാൻ അപേക്ഷിച്ചത്.
മുണ്ടക്കയം വട്ടേക്കാവ് സെന്റ് സേവ്യേഴ്സ് എൽപിക്ക് താഴിടാൻ അപേക്ഷിച്ചത് കഴിഞ്ഞ വർഷം. തൃശൂർ പെരിഞ്ഞനം സെൻട്രൽ എൽപിമാനേജ്മെന്റ് അപേക്ഷിച്ചത് ഈ വർഷം. കൈപ്പമംഗലം ക്ഷേമോദയം എൽപി മാനേജ്മെന്റിന്റെ അപേക്ഷ കോടതിയിൽ. 15 സെന്റ് മുതൽ ഒന്നര ഏക്കർ വരെയാണ് അപേക്ഷിച്ച സ്കൂളുകളുടെ വിസ്തൃതി. മലാപ്പറമ്പ് മാതൃകയിൽ ഇവയെല്ലാം ഏറ്റെടുക്കാൻ വിദ്യാഭ്യാസവകുപ്പിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്.
മലാപ്പറമ്പിൽ മാത്രം നൽകേണ്ട കമ്പോളവില 6 കോടിയോളം വരും. 14 ഉം കൂടി ഏറ്റെടുത്താൽ വൻസാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് വിദ്യാഭ്യാസവകുപ്പ് സർക്കാറിനെ അറിയിച്ചത്. മലാപ്പറമ്പ് ഏറ്റെടുക്കലിൽ രാഷ്ട്രീയനേട്ടത്തിനായി പിന്തുണച്ച ധനവകുപ്പ് മറ്റുള്ളവയിൽ പച്ചക്കൊടി കാട്ടണമെന്നില്ല. മലാപ്പറമ്പിൽ തന്നെ നിയമപോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ ബാക്കി 14 ൽ നയപരമായ തീരുമാനമെടുക്കൽ സർക്കാറിന് എളുപ്പമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam