എം.എ പരീക്ഷക്ക് 15 മാര്‍ക്കിന്റെ ചോദ്യം; ബി.ജെ.പിയെക്കുറിച്ച് ഉപന്യാസം

By Web DeskFirst Published Dec 10, 2017, 9:15 AM IST
Highlights

ലക്‌നൗ: പല തരത്തിലുള്ള പരീക്ഷകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ എം.എ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി.  ആറാമത്തെ ചോദ്യം, 15 മാര്‍ക്കിന്റെ പ്രധാന ഉപന്യാസങ്ങളിലൊന്ന് ബി.ജെ.പിയെക്കുറിച്ച് വിശദീകരിക്കാന്‍. അഞ്ച് ദിവസം മുന്‍പ് നടന്ന ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയിലാണ് അസാധാരണമായ  ചോദ്യങ്ങള്‍ വന്നത്. ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് രണ്ട് മാര്‍ക്കിന്റെ ചോദ്യവുമുണ്ടായിരുന്നു.

പൗരാണിക ചരിത്ര വിഷയങ്ങളിലെ പരീക്ഷയ്‌ക്ക് കൗടില്യന്റെ കാലത്തെ ജി.എസ്.ടിയെക്കുറിച്ച് വിവരിക്കാനും, മനുസ്മൃതി എഴുതിയ മനുവിന്റെ ആഗോളീകരണ കാഴ്ചപ്പാടിനെക്കുറിച്ച് എഴുതാനും നേരത്തെ ചോദ്യം കൊടുത്തു വിദ്യാര്‍ത്ഥികളെ അമ്പരപ്പിച്ച ശേഷമാണ് ഇപ്പോള്‍ അടുത്ത ചോദ്യം വന്നത്. ഇന്ത്യന്‍ രാഷ്‌ട്രീയ വ്യവസ്ഥയുടെ രൂപഘടനയും സിദ്ധാന്തങ്ങളും പഠിപ്പിക്കുന്ന പേപ്പറിലാണ് ബി.ജെ.പിയെക്കുറിച്ച് വിവരിക്കാനുള്ള ചോദ്യം വന്നത്.  ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ലെങ്കിലും പരിചയമുള്ള പാര്‍ട്ടികളായതിനാല്‍ ഉത്തരം എഴുതിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രണ്ടു മാര്‍ക്കിന് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചും ചോദ്യം ഉണ്ടായിരുന്നു. 

പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടികളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നതിനാല്‍ ഇത്തരമൊരു ചോദ്യം നല്‍കിയതെന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ പ്രഫ. കൗശല്‍ കിഷോര്‍ മിശ്ര പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി പോലും ചോദ്യങ്ങളെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

click me!