അമേരിക്കയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറുകളിൽ ഏർപ്പെട്ടാൽ പോലും ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ ഇസ്രായേൽ അനുവദിക്കില്ല
ജെറുസലേം: അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാൻ ആണവായുധം ഉണ്ടാക്കാൻ താൻ സമ്മതിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറുകളിൽ ഏർപ്പെട്ടാൽ പോലും ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു ജറുസലേമിൽ വ്യക്തമാക്കിയത്. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള അടിയന്തിര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രായേൽ എന്ന രാജ്യത്തെ സമ്പൂർണ്ണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ മോഹങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് ആവർത്തിച്ച നെതന്യാഹു, താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇന്നും നാളെയും ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും പ്രഖ്യാപിച്ചതായാണ് ഇസ്രയേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തത്. സുഹൃത്തായ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണ പരമ്പരയ്ക്കാണ് നേതൃത്വം നൽകിയതെന്നും നെതന്യാഹു വിശദീകരിച്ചു. ഇറാനിലെ ആണവ ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ടും ഭീകര ഭരണകൂടത്തിന്റെ നേതാക്കളെ വധിച്ചും അവരുടെ ആണവ നിലയങ്ങൾ തകർത്തും ഇസ്രായേൽ കരുത്ത് തെളിയിച്ചു. മിസൈലുകളും അവ നിർമ്മിക്കുന്ന ഭൂരിഭാഗം ഫാക്ടറികളും തകർത്തെറിഞ്ഞതിനൊപ്പം ഇറാന്റെ നാവിക, വ്യോമ സേനകളെയും ജനങ്ങളെ കൂട്ടക്കൊല ചെയ്ത സൈനിക കമാൻഡർമാരെയും ഇല്ലാതാക്കാൻ ഈ സൈനിക നീക്കത്തിലൂടെ സാധിച്ചു.
നൂറുകണക്കിന് ബില്യൺ ഡോളർ മുതൽ ഒരു ട്രില്യൺ ഡോളർ വരെ മൂല്യം വരുന്ന ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഇറാനുണ്ടായിരിക്കുന്നത്. ഇസ്രായേൽ ജനതയെ തുടച്ചുനീക്കാനായി വർഷങ്ങളായി നിലനിന്നിരുന്ന ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞതിലൂടെ രാജ്യത്തെ വലിയൊരു വിപത്തിൽ നിന്നാണ് രക്ഷിച്ചതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഈ പോരാട്ടം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും കൂടുതൽ ജാഗ്രതയോടും ദൃഢനിശ്ചയത്തോടും കൂടി രാജ്യത്തെ സംരക്ഷിക്കാൻ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞി. ഈ പോരാട്ടം ഇറാനെതിരെ മാത്രമല്ല, ഗാസ, ലബനൻ, സിറിയ, യെമൻ, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെയും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേലിന്റെ സ്വതന്ത്രമായ സൈനിക നീക്കങ്ങൾക്ക് മേൽ അമേരിക്കൻ നിയന്ത്രണങ്ങൾ വരുമെന്ന ആശങ്കകൾ നിലനിൽക്കെത്തന്നെ, ഗാസയിലും ലബനനിലും സിറിയയിലും ഇസ്രായേൽ ശക്തമായ സുരക്ഷാ മേഖലകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞതായി നെതന്യാഹു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമുള്ളിടത്തോളം കാലം സൈന്യം ഈ മേഖലകളിൽ നിലയുറപ്പിക്കും. പ്രാദേശികമായും അന്തർദ്ദേശീയമായും പുതിയ സഖ്യങ്ങൾ രൂപീകരിച്ചുകൊണ്ട് ഇസ്രായേലിന്റെ സുരക്ഷാ സ്വയംഭരണാധികാരം ഉറപ്പുവരുത്തുമെന്നും നെതന്യാഹു ഉറപ്പുനൽകിയതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.


