
ഹരിയാന: ട്യൂഷൻ ക്ലാസിനായി വീട്ടിൽനിന്നു പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കരളും ശ്വാസകോശവും തകർന്നനിലയിലായിരുന്നെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ശനിയാഴ്ച കുരുക്ഷേത്രയിൽനിന്നു 100 കിലോമീറ്റർ അകലെ ജിന്ദ് ജില്ലയിലെ നദിക്കരയിൽ അർധനഗ്നമായ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ മുഖം, തല, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 19 മുറിവുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി ക്ഷതമേൽപ്പിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റു. കുട്ടിയുടെ ശ്വാസകോശം തകർന്ന സ്ഥിതിയിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ പെണ്‍കുട്ടിയെ കെട്ടിയിട്ടതിന്റെയോ, പെണ്‍കുട്ടിയുടെ നെഞ്ചിൽ കയറി ഇരുന്നതിന്റെയോ സൂചനയാണ് ഇതെന്ന് ഫോറൻസിക് വിഭാഗം തലവൻ ഡോ.എസ്.കെ.ധത്തർവാൾ പറഞ്ഞു.
സംഭവം അന്വേഷിക്കാൻ രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കേസിൽ മുഖ്യപ്രതി പന്ത്രണ്ടാം ക്ലാസുകാരനാണെന്നാണു പോലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിയുടെ സമീപവാസിയായ ഇയാൾ ഒളിവിലാണെന്നും, ഇയാൾക്കായി തെരച്ചിൽ ഉൗർജിതമാക്കിയതായും പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam