2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ 150 ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു

By Web DeskFirst Published Jun 9, 2017, 4:38 PM IST
Highlights

ദില്ലി: 2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് ഗുജറാത്തില്‍ 150 ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു. ഈ മാസം 14 മുതല്‍ 17 വരെയാണ് ഇതിനായുള്ള കണ്‍വന്‍ഷന്‍. നരേന്ദ്ര ദബോല്‍ക്കറിന്‍േറതടക്കമുള്ള കൊലകളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സന്‍സ്താന്‍ സന്‍സ്ത എന്ന സംഘടനയുടെ സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിയാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. 

ഹിന്ദു രാഷ്ട്രം വേണമെന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും ആഗ്രഹിക്കുന്നതെന്ന് ഹിന്ദു ജനജാഗൃതി സമിതി വക്താവ് ഉദയ് ദധുരി പറഞ്ഞു. ഹിന്ദു രാഷ്ട്രം വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന യോഗി ആദിത്യനാഥ് അധികാരത്തിലേക്ക് വന്നത് ജനങ്ങള്‍ക്ക് ഹിന്ദുരാഷ്ട്രത്തോടുള്ള ആഭിമുഖ്യമാണ് വെളിവാക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇത് സാദ്ധ്യമാവുക എന്ന കാര്യത്തില്‍ വ്യക്തമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് കണ്‍വന്‍ഷന്‍ ചേരുന്നതെന്ന് ഉദയ് ധുരി പറഞ്ഞു. 2023 ഓടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനായി എല്ലാ ഹിന്ദു സംഘടനകളും മുന്നിട്ടിറങ്ങണമെന്നും ധുരി ആവശ്യപ്പെട്ടു.

ലവ് ജിഹാദ്, മത പരിവര്‍ത്തനം, ക്ഷേത്ര സംരക്ഷണം, ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ കണ്‍വന്‍ഷനില്‍ ചര്‍ച്ചയാവും.  ഛത്രപതി ശിവജി വിഭാവനം ചെയ്ത ഹിന്ദു രാഷ്ട്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സംഘടനാ വക്താവ് പറഞ്ഞു.
 

click me!