ഇറാനെതിരായ യുഎസ് സൈനിക നടപടി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. ഇറാൻ ജനതയുടെ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും, കീഴടങ്ങുക അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ട്രംപ് നൽകി

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യു എസ് സൈനിക നടപടി വരും ദിവസങ്ങളിലും തുടരുമെന്ന സൂചന നൽകി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ എ ലാഗോയിലുള്ള വസതിയിൽ പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത്, സംയുക്ത സൈനിക മേധാവി ഡാൻ കെയ്ൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ ജനതയുടെ സ്വാതന്ത്ര്യമാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാൻ ഭരണകൂടത്തെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കം പെട്ടെന്ന് അവസാനിക്കില്ലെന്നും കൃത്യമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നുമാണ് പെന്റഗണിൽ നിന്നുള്ള സൂചനകളും. ട്രംപ് നിലപാട് കടുപ്പിക്കുന്നത് ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടാണെന്നാണ് വ്യക്തമാകുന്നത്.

കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന് അന്ത്യശാസനം

ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ സൈനിക നടപടിയുടെ ലക്ഷ്യമടക്കം പ്രഖ്യാപിച്ച് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാൻ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാൻ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാൻ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കിൽ മരണമെന്ന അന്ത്യശാസനം ഇറാൻ റെവല്യൂഷനറി ഗാർഡിനും യു എസ് പ്രസിഡന്‍റ് നൽകി. ഇറാൻ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ തങ്ങളുടെ ആണവ പദ്ധതി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാൻ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്‍റ് വിവരിച്ചു. അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാൻ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെ ആണവായുധം നേടാൻ അനുവദിക്കാൻ ആകില്ല. ഭീകര ശക്തി ആണവായുധം നേടുന്നത് ലോകത്തിനും അമേരിക്കക്കും ഗുണകരമല്ല. അതുകൊണ്ടാണ് ആക്രമണംതുടങ്ങിയത്. ഇറാനുമായി ഒരു സമാധാന കരാറിൽ എത്താൻ എല്ലാ ശ്രമവും നടത്തി. പക്ഷേ ഇറാൻ സഹകരിച്ചില്ല. സമാധാനത്തിന് ഉള്ള എല്ലാ അവസരവും ഇറാൻ നിരാകരിക്കുകയാണ് ചെയ്തത്. ഈ ആക്രമണം അമേരിക്കയുടെ സ്വയം രക്ഷയ്ക്കായിട്ടാണ്. ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരിക്കാം എന്നും ട്രംപ് കൂട്ടിച്ചേർത്തു.