ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തം: 17പേര്‍ മരിച്ചു

By Web DeskFirst Published Jul 17, 2016, 7:46 AM IST
Highlights

ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് 17പേര്‍ മരിച്ചു.വെള്ളിയാഴ്ച്ച രാത്രിയായിരുന്ന ദുരന്തം നടന്നത്. വിഷ മദ്യം കഴിച്ച് മറ്റ് പതിനാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ കാഴ്ച ശക്തി നഷ്‌ടപ്പെട്ടു.

വെള്ളിയാഴ്ച് രാത്രി ഇറ്റാ ജില്ലയിലെ അലിഗഞ്ചിലെ ലൗഖേര ഗ്രാമത്തിലാണ് വ്യാജ മദ്യം വിതരണം ചെയ്തത്. മദ്യം കഴിച്ച് അഞ്ച് പേര്‍ അര്‍ദ്ധരാത്രിയോടെ മരിച്ചിരുന്നു. മറ്റുള്ളവരെ ഇന്നലെ പുലര്‍ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. വ്യാജമദ്യം കഴിച്ച 14 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇവരില്‍ ചിലരെ ആഗ്ര മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച് പേരുടെ കാഴ്ച്ച ശക്തിയും നഷ്‌ടപ്പെട്ടു.വിഷ മദ്യ ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെയും അലിഗഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പൊലീസുകാരെയും ഉത്തര്‍പ്രേദേശ് സര്‍ക്കാര്‍ സസ്‌പെന്‍റ് ചെയ്തു. എക്‌സൈസ്, ആഭ്യന്തര പ്രിന്‍സിപ്പള്‍ സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണ  ചുമതല നല്‍കി. വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. വ്യാജ മദ്യം വിതരണം ചെയ്ത ഷിര്‍പ്പാല്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. 2015 ജനുവരിയില്‍ 32പേരുടെ മരണത്തിനിടയാക്കിയ ലക്നൗ വിഷ മദ്യ ദുരന്തത്തിന് പിന്നാലെ അലിഗഞ്ച് ദുരന്തം അഖിലേഷ് യാദവ് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുകയാണ്. എക്‌സൈസ് വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന അഖിലേഷ് യാദവിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

click me!