കേരള ബ്രാൻഡ് പദ്ധതിയുടെ ഭാഗമായി, സൂക്ഷ്മ –ചെറുകിട – ഇടത്തരം സംരംഭകർക്ക് ആഗോള വിപണി തുറന്നുകൊടുക്കുന്ന ട്രേഡെക്സ് കേരള 2026, ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കും. മുന്നൂറിലധികം സംരംഭകർക്ക് അന്താരാഷ്ട്ര കച്ചവടക്കാരുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും.
തിരുവനന്തപുരം: കേരള ബ്രാൻഡ് (നന്മ) പദ്ധതിയുടെ ഭാഗമായുള്ള അന്താരാഷ്ട്ര ബിസിനസുകാരെ അണിനിരത്തിയുള്ള ട്രേഡെക്സ് കേരള 2026 ഫെബ്രുവരി 17, 18 തീയതികളിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭകർക്ക് ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്യതകൾ വർധിപ്പിക്കാനും അവസരമൊരുക്കുന്നതാണ് യോഗം. ട്രേഡെക്സ് കേരള 2026 ലോഗോ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. കേരളത്തിന്റെ ഉത്പന്നങ്ങളെയും സംരംഭകരെയും ആഗോള വിപണിയിൽ ശക്തമായി സ്ഥാനമുറപ്പിക്കുന്നതിനുള്ള നിർണായക വേദിയായി ട്രേഡെക്സ് കേരള 2026 മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
കയറ്റുമതി കരാറുകളും ധാരണാപത്രങ്ങളും വഴി കേരളത്തിന്റെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താൻ സമ്മിറ്റിൽ ലക്ഷ്യമിടുന്നുണ്ട്. നിതി ആയോഗിൻ്റെ പട്ടിക പ്രകാരം കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളിൽ കേരളം 19ൽ നിന്നും 11ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഈ സാധ്യതയും പ്രയോജനപ്പെടുത്താനാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷനും സംയുക്തമായാണ് ട്രേഡെക്സ് കേരള 2026 സംഘടിപ്പിക്കുന്നത്.
മുന്നൂറിലധികം സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭകരും മുപ്പതിലേറെ അന്താരാഷ്ട്ര ബയർമാരും വ്യവസായ പ്രതിനിധികളും സമ്മിറ്റിൽ പങ്കെടുക്കും. വനിതാ സംരംഭകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. വ്യവസായികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ നിന്നുള്ള സംരംഭകർക്ക് പ്രത്യേക പരിഗണന നൽകും. ഇടനിലക്കാരില്ലാതെ, അന്താരാഷ്ട്ര ബയർമാരുമായി നേരിട്ട് ബിസിനസ് ചർച്ചകൾ നടത്താനും കയറ്റുമതി കരാറുകളിൽ ഒപ്പിടാനും സംരംഭകർക്ക് സാധിക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് വ്യക്തമാക്കി.
ട്രേഡെക്സ് കേരള 2026ന്റെ ഭാഗമായി സംരംഭകരെ ശാക്തീകരിക്കുന്നതിനായി പ്രത്യേക ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. ഉത്പന്നങ്ങളുടെ ബ്രാൻഡിങ്, പാക്കേജിങ്, എക്സ്പോർട്ട് സ്റ്റാൻഡേർഡുകൾ, ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ പരിശീലനം നൽകും. തിരഞ്ഞെടുത്ത സംരംഭകർക്ക് അന്താരാഷ്ട്ര പ്രതിനിധികളുമായി പ്രാഥമിക ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാക്കും. കാർഷിക – ഭക്ഷ്യ ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറൈൻ – സീഫുഡ് ഉത്പന്നങ്ങൾ, ചായ – കാപ്പി ഉത്പന്നങ്ങൾ, ഹോം ഫർണിഷിംഗ് & ഇന്റീരിയർ ഉത്പന്നങ്ങൾ, കയർ, കൈത്തറി, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, റബ്ബർ, പിവിസി ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ സംരംഭകർക്ക് ട്രേഡെക്സ് കേരള 2026ൽ പങ്കെടുക്കാം. ട്രേഡെക്സ് കേരള 2026ൽ രജിസ്റ്റർ ചെയ്യുന്നതിന് സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം.


