സിനിമാ സ്റ്റൈല്‍ നടപടിയുമായി യോഗി ആദിത്യനാഥ്; 48 മണിക്കൂറില്‍ 24 കൊടുംകുറ്റവാളികള്‍ അകത്ത്

By Web DeskFirst Published Feb 3, 2018, 2:57 PM IST
Highlights

ലക്നൗ: 48 മണിക്കൂറില്‍ 18 ഏറ്റുമുട്ടലുകള്‍, 10 ജില്ലകളില്‍ നിന്നായി 24 കൊടും കുറ്റവാളികള്‍ അകത്തായി, തലയ്ക്ക് വിലയിട്ട ഒരു ക്രിമിനലിനെ വെടിവച്ചുകൊന്നു- ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ 48 മണിക്കൂറിനുള്ളില്‍ നടന്ന നടപടികളാണിത്. യുപിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടപടി ആരംഭിച്ചത്. 

33 ക്രിമനില്‍ കേസുകള്‍ നിലവിലുള്ള പിടികിട്ടാപ്പുള്ളിയും തലയ്ക്ക് 25000 വരെ റിവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്ത ഇന്ദ്രപാല്‍ എന്ന കൊടും കുറ്റവാളിയെ പൊലീസ് വധിച്ചു. പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഓപ്പറേഷന്‍ നടപ്പിലാക്കിയത്. വിവിധ ഏറ്റുമുട്ടലുകളിലായി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ഗൊരഗ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് 50000 രൂപ പ്രഖ്യാപിച്ച രണ്ട് ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ എട്ടോളം കൊടും കുറ്റവാളികളും അറസ്റ്റിലായി. ഏറ്റുമുട്ടലുകള്‍ പൊലീസിന്‍റെ പ്രതിരോധത്തിന്‍റെ ഭാഗമാണെന്നും പൊലീസിനെതിരെ ആക്രമണം നടക്കുന്നതിനാലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടാകാന്‍ കാരണമെന്നും ഐജി ഓപി സിങ് വ്യക്തമാക്കി.

യോഗി ആദിഥ്യനാഥ് അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ 950 ഏറ്റുമുട്ടലുകളാണ് നടന്നത്. 200 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും 30പേരെ കൊലപ്പെടുത്തുകയും ചെയ്തു. യുപി സര്‍ക്കാറിന്‍റെ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്.
 

click me!