
പാതി ആകാശത്തിനും പാതി ഭൂമിക്കും ഉടമ സ്ത്രീകളാണെന്ന ആശയം മുറുകെ പിടിച്ച് ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ 'കലുങ്ക് വിപ്ലവം' മാറ്റങ്ങളിലേക്കുള്ള ചുവടുവയ്പ്പ് ആവുകയാണ്. തെരുവുകളും കവലകളും തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് വേറിട്ട ഒരു സമര മുറയാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തില്‍ അരങ്ങേറിയത്.
പതിനാലാം വാര്‍ഡിലെ കള്ളുഷാപ്പിന് മുന്‍വശത്തുള്ള കലുങ്കില്‍ ഒന്നിച്ചിരുന്ന് തങ്ങളുടെ വൈകുന്നേര സമയങ്ങള്‍ ചിലവഴിച്ചാണ് പ്രദേശത്തെ പെണ്‍കൂട്ടം പൊതു ഇടങ്ങളിലുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചത്. ഈ നിശബ്ദ സമരമുറയിലൂടെ എല്ലാ ഇടങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗഹൃദമാവണം എന്നതാണ് പെരിഞ്ഞനം പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.
കാലങ്ങളായി പ്രദേശവാസികളായ പുരുഷന്മാരും ഷാപ്പില്‍ നിന്ന് മദ്യപിച്ചിറങ്ങുന്നവരുമാണ് ഈ കലുങ്ക് കൈയടക്കിവച്ചിരുന്നത്. മദ്യപാനികളുടെയും മറ്റു പുരുഷന്മാരുടെയും ഇടയിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സ്ത്രീകള്‍ വഴിമാറി പോകുന്ന സാഹചര്യവും ഇവിടെ നിലനിന്നിരുന്നു. സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളില്‍ ഈ വഴി സഞ്ചാരയോഗ്യമല്ലെന്ന സ്ത്രീകളും വിദ്യാര്‍ഥികളും ഉന്നയിച്ച പരാതിയാണ് ഇത്തരമൊരു സമരമുറയ്ക്ക് കാരണമായതെന്ന് പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
''വഴി മാറി പോകുന്ന അവസ്ഥയില്‍ നിന്ന് മാറ്റം വരണമെന്നതായിരുന്നു ആവശ്യം. സ്വതന്ത്രമായി നടക്കാനുള്ള അവസ്ഥ ഉണ്ടാക്കാനായുള്ള നിശബ്ദ സമരം മുറയായിരുന്നു ഇത്. വനിത ശിശു സൗഹൃദ ശില്‍പശാലയില്‍ സ്ത്രീ സ്വതന്ത്രത്തെ ഹനിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നതിനിടെ ഉയര്‍ന്ന നിര്‍ദ്ദേശമായിരുന്നു കലുങ്ക് സമരമുറ. മദ്യപിക്കുന്നതും പുകവലിക്കുന്നതുമെല്ലാം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. പക്ഷെ, അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ സ്ത്രീ സൗഹൃദപരമല്ലാത്ത പൊതു ഇടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് സാമൂഹ്യ ദ്രോഹമാണ്. പുരുഷന്മാര്‍ ഇരിക്കുന്നത് പോലെ തന്നെ സ്ത്രീകള്‍ക്കും ഇരിക്കാനുള്ള സാഹചര്യം ഒരുക്കുക. ഇത് ഒരു തുടക്കമാണ് അടുത്ത ഘട്ടത്തില്‍ വനിത ശിശു സൗഹൃദ പഞ്ചായത്തായി പെരിഞ്ഞണത്തെ പ്രഖ്യാപിക്കും.'' - കെ.കെ.സച്ചിത്ത്, പഞ്ചായത്ത് പ്രസിഡന്റ്
ഞങ്ങളുടെ പഞ്ചായത്തിലെ ഒരു കള്ളുഷാപ്പിന്റെ മുന്‍പിലുള്ള കലുങ്ക് കയ്യേറുന്നത് വഴി പുരുഷന്മാരെ അപമാനിക്കണമെന്നോ അവരെ മാറ്റി നിര്‍ത്തി ഞങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കണമെന്നോ അല്ല ഉദ്ദേശിക്കുന്നത്. സ്വന്തം നാട്ടിലെ എല്ലാ കവലകളും, എല്ലാ പൊതുയിടങ്ങളും പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യം പൊതുസമൂഹത്തിന് നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും പെരിഞ്ഞനം പഞ്ചായത്ത് നിവാസിയുമായ ജയശ്രീ സജീവ് അഭിപ്രായപ്പെടുന്നു.
''മദ്യപിക്കാന്‍ എത്തുന്നവര്‍ കലുങ്കില്‍ വന്ന് ഇരിക്കുന്നത് പതിവായിരുന്നു. അത് വഴിനടക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വനിത ശിശു സൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തതോടെ നടത്തിയ ചര്‍ച്ചയിലാണ് ഈ പ്രശ്‌നത്തിന് ഏത് തരത്തിലുള്ള ഇടപെടല്‍ നടത്താമെന്ന ആലോചന ഉണ്ടായത്. പൊതുവഴികള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെടതാണെന്ന് നാം പലപ്പോഴും മറന്ന് പോകും. അതിന്റെ ഭാഗമായി ആ പ്രദേശത്തുള്ള സ്ത്രീകള്‍ അടക്കം കലുങ്കില്‍ ഇരുന്നാണ് പ്രതിഷേധിച്ചത്. അടുത്ത ദിവസങ്ങളില്‍ പ്രദേശവാസികളായ സ്ത്രീകള്‍ നേതൃത്വം ഇല്ലാതെ തന്നെ കലുങ്കില്‍ തങ്ങളുടെ ഇടം കണ്ടെത്തി. കൂട്ടായ്മയില്‍ നിന്ന് ലഭിച്ച ധൈര്യമാണ് അത്. ഇത് പോലെ മറ്റ് പ്രശ്‌നങ്ങളിലും ഇടപെടലുകള്‍ ഉണ്ടാകണം.'' - ജയശ്രീ, തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന തലത്തിലുള്ള ഇടപെടല്‍ മൂലമാണ് കേരളത്തിലെ പതിനാലു പഞ്ചായത്തുകള്‍ വനിതാശിശു സൗഹൃദപരമാക്കണമെന്ന ദൗത്യം മുന്നോട്ടുവരുന്നത്. അതിന്റെ ഭാഗമായി ഒന്നോ രണ്ടോ മാതൃകാ പഞ്ചായത്തുകള്‍ കേരളത്തില്‍ രൂപപ്പെടുത്തുക എന്ന ആശയത്തിന്റെ പുറത്താണ് പെരിഞ്ഞനം പഞ്ചായത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. പൊതു ഇടങ്ങളിലൂടെ പലപ്പോഴും സ്ത്രീകള്‍ക്ക് സ്വൈര്യ സഞ്ചാരം സാധ്യമാകുന്നില്ല എന്നതായിരുന്നു ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പ്രധാന പരാതികളില്‍ ഒന്ന്.
തുടര്‍ന്ന്, ശാസ്ത്ര സാഹിത്യ പരിഷത്തും പഞ്ചായത്തും പ്രാദേശിക സ്ത്രീകളും സംയോജിച്ച് വൈകുന്നേരം കലുങ്കില്‍ വന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ പ്രതിഷേധത്തിലെ സാധ്യത തിരിച്ചറിഞ്ഞ ശേഷം പഞ്ചായത്ത് പ്രസിഡന്റും മറ്റു പുരുഷന്മാരും അവിടെ എത്തിച്ചേരുകയും രാത്രി ഏഴു മണിവരെ എല്ലാവരും ഒന്നു ചേര്‍ന്ന് സമയം ചിലവഴിക്കുകയും ചെയ്തു. ആദ്യ ദിവസം പ്രതിഷേധം ഫലപ്രദമായെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രയോഗികമായിരുന്നില്ല.
പിറ്റേന്ന് വൈകുന്നേരം പുരുഷന്മാര്‍ കലുങ്ക് കൈവശപ്പെടുത്തിയതായി കാണപ്പെട്ടു. അവിടെ സമയം ചിലവഴിക്കാന്‍ എത്തിച്ചേര്‍ന്ന പ്രാദേശിക സ്ത്രീകളോട് മദ്യപാനിയായ ഒരു യുവാവ് പ്രകോപനപരമായി പെരുമാറുകയും 'ഇത് കലികാലത്തിന്റെ തുടക്ക'മാണെന്ന് പറയുകയും ചെയ്തു. പക്ഷെ, തങ്ങള്‍ പിന്നോട്ട് പോകുവാന്‍ ഒരുക്കമല്ല. കൂടുതല്‍ കാര്യക്ഷമമായി സ്ത്രീകള്‍ക്കുള്ള എല്ലാ സഞ്ചാര സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും കെട്ടിയുറപ്പിക്കാന്‍ ഏകീകൃതമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അവര്‍ പറയുന്നു.
വനിതാ ശിശു ക്ഷേമ സൗഹൃദ പഞ്ചായത്തിലേക്ക് ഉയരുന്നതിനായി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അധ്യക്ഷയും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, കണ്‍വീനറുമായ ജെന്‍ഡര്‍ റിസോഴ്‌സ് ഗ്രൂപ്പുകളും ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളും സ്ഥാപിക്കുകയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വെക്കുന്ന പ്രഥമ ലക്ഷ്യം. പ്രാരംഭമെന്ന നിലയില്‍ കേരളത്തിലെ പതിനാല് പഞ്ചായത്തുകള്‍ വനിതാശിശു സൗഹൃദമാക്കുകയും തുടര്‍ന്ന് സംസ്ഥാനത്തെ ഓരോ പ്രദേശങ്ങളിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒരു ജെന്‍ഡര്‍ സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി മീരഭായ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.
''പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന ആശയത്തെ മുന്‍നിര്‍ത്തി പരിഷത്തിന്റെ നേതൃത്വത്തില്‍ എല്ലാ സമയത്തും പൊതുവഴികള്‍ സ്ത്രീകള്‍ക്ക് സഞ്ചാരയോഗ്യമാക്കി തീര്‍ക്കുക എന്ന നടപടിയുടെ തുടക്കമായിരുന്നു കലുങ്ക് സമരം. സന്ധ്യ കഴിഞ്ഞാല്‍ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യം ഉണ്ട്. ഇത് സ്ത്രീ പ്രശ്‌നമല്ല, ഒരു സാമൂഹ്യപ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹം ഏറ്റെടുക്കണം. പെരിഞ്ഞനം പഞ്ചായത്തില്‍ കലുങ്കില്‍ ഇരുന്നുകൊണ്ട് സ്ത്രീകള്‍ നടത്തിയ മുന്നേറ്റം അതിനൊരു ഉദാഹരണം മാത്രമാണ്. സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളില്‍ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുഴുവന്‍ സ്ട്രീറ്റ് ലൈറ്റും പ്രകാശിപ്പിക്കണമെന്നതും ഇതിനോട് ചേര്‍ന്ന മറ്റൊരാശയമാണ്. പുറകോട്ട് വലിക്കുന്ന ഘടകങ്ങളില്‍ സ്ത്രീയുടെ സജീവ സാന്നിധ്യമാണ് 2018ല്‍ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ നടപ്പിലാക്കേണ്ടത്. ജെന്‍ഡര്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ കേരളത്തിലുടനീളം ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളും ഗ്രൂപ്പുകളും സ്ഥാപിക്കാനുള്ള ഫണ്ട് സ്വരൂപിച്ച് കഴിഞ്ഞു. ഘട്ടം ഘട്ടമായി ലക്ഷ്യം കൈവരിക്കാന്‍ ഏകീകൃത പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും.'' - മീര ഭായി, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി
അവകാശ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള തുടക്കം മാത്രമാണ് ഈ സമരം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സെക്രട്ടറി ഗോപിനാഥ് പറഞ്ഞു.
''പാതി ഭൂമിയും പാതി ആകാശവും സ്ത്രീകള്‍ അവകാശപ്പെട്ടതാണെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. മദ്യശാലകളുടെ അടുത്ത് പുരുഷന്മാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ആണിനും പെണ്ണിനും സ്വൈര്യമായി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ആശയം മുന്‍നിര്‍ത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ രാത്രി നടത്തിയ കലാപരിപാടികളും മറ്റും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വെയ്ക്കുന്ന സ്ത്രീ ശാക്തീകരണ പ്രോജക്റ്റിന്റെ ആദ്യ ഘട്ടങ്ങളായിരുന്നു. തുടര്‍ന്നും ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും.'' ഗോപിനാഥ് വ്യക്തമാക്കി.
പാട്ടും കുശലം പറച്ചിലുകളുമായി പെണ്ണുങ്ങളുടെ കലുങ്ക് സമരത്തില്‍ നിന്ന്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam