
ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച പ്രളയത്തിന് വഴിവച്ച മോറ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തെത്തി. മണിക്കൂറില്‍ 117 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് തീരം തൊട്ടതിന് പിന്നാലെ ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴ തുടങ്ങിയിട്ടുണ്ട്. ഇതിനിടയില്‍ ശ്രീലങ്കയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 180 ആയി. ഇന്ത്യയിലും മ്യാന്മറിലും ചില ഭാഗങ്ങളില്‍ മോറ നാശം വിതച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ബംഗ്ലാദേശിന്‍റെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റിനും മഴക്കും വഴിവച്ച് രാവിലെ ആറ് മണിയോടെയാണ് ചിറ്റഗോംഗിന് സമീപം മോറ ചുഴലിക്കാറ്റ് തീരം തൊട്ടത്. നിലവില്‍ രാജ്യത്തിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ വീശിയടിക്കുന്ന കാറ്റിന്റെ വേഗത മണിക്കൂറില്‍ 117 കിലോമീറ്റര്‍ ആണ്. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ചിറ്റഗോംഗ്, കോക്‌സസ് ബാസാര്‍, ഖുല്‍ന, സാത്കിറ തുടങ്ങി ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചിറ്റഗോംഗില്‍ തുറമുഖം അടച്ചു. പത്ത് ലക്ഷത്തോളം പേരെ മാറ്റി പാര്‍ച്ചിച്ചു. മൂവ്വായിരത്തോളം അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നു.
കനത്ത മഴ തുടരുന്ന കോക്‌സ് ബാസാറില്‍ റോഹിങ്ക്യ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച ക്യാമ്പിന് മേല്‍ മണ്ണിടിഞ്ഞ് വീണതായി റിപ്പോര്‍ട്ടുകളുണ്ട്. മോറ ചുഴലിക്കാറ്റ് ഇന്ത്യയുടേയും മ്യാന്മറിന്റെയും ചില ഭാഗങ്ങളിലും നാശം വിതച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ തീരത്ത് മോറയുടെ പ്രഭാവത്തെ തുടര്‍ന്ന് ശക്തിപ്പെട്ട കാലവര്‍ഷം കനത്ത നാശം വിതച്ചിരുന്നു. ശ്രീലങ്കയില്‍ പ്രളയത്തില്‍ ഇതുവരെ 180 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയിലുമാണ്. ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ ശ്രീലങ്കയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam