പരിശോധനയില്ല, ആരെയും പേടിക്കേണ്ട... എന്തും കടത്താം കെ.എസ്.ആര്‍.ടി.സി ബസുകളില്‍

By Web DeskFirst Published May 30, 2017, 10:27 AM IST
Highlights

കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ കടത്താന്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ എളുപ്പവഴിയായി മാറുന്നു‍. നൂറോ ഇരുന്നൂറോ രൂപ ഡ്രൈവറുടേയോ കണ്ടക്ടറുടേയോ കയ്യില്‍ കൊടുത്താല്‍, അതിര്‍ത്തി കടന്ന് സുരക്ഷിതമായി കഞ്ചാവെത്തും. തങ്ങളുടെ കയില്‍ കിട്ടുന്ന പെട്ടിയില്‍ എന്താണെന്ന് പലപ്പോഴും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അറിയുന്നുമില്ല.

അതേ ദിവസം തന്നെ എന്തെങ്കിലും സാധനം എവിടെയെങ്കിലും എത്തിക്കണമെങ്കില്‍ ഇപ്പോഴുള്ള ഏകപോംവഴി കെ.എസ്.ആര്‍.ടി.സി ബസില്‍ ഡ്രൈവറുടേയോ കണ്ടക്ടറുടേയോ കയ്യില്‍ കൊടുക്കുകയാണ്. കൊറിയര്‍ അയച്ചാല്‍ പോലും അത് അടുത്ത ദിവസമേ എത്തൂ. കഞ്ചാവ് വില്‍പ്പനക്കാരുടെ ഇപ്പോഴത്തെ സുരക്ഷിതമായ ഇടനാഴിയും ഈ എളുപ്പവഴി തന്നെയാണ്. ഇത് തെളിയിക്കാന്‍ കഞ്ചാവിനോട് സാമ്യം തോന്നുന്ന ചുക്ക് ഞങ്ങള്‍ വാങ്ങി, ഏഷ്യാനെറ്റ് ന്യൂസ് സംഘം പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഏല്‍പ്പിച്ചു. 200 രൂപ കൊടുത്തതോടെ ഇതിലെന്താണെന്ന് പോലും തിരക്കാതെ ഡ്രൈവര്‍ പെട്ടി വാങ്ങി.

രാവിലെ എട്ട് മണിക്ക് പുറപ്പെട്ട ബസ് വൈകിട്ട് നാല് മണിയോടെ വാളയാറിന് അപ്പുറത്തെ തമിഴ്നാടന്‍ ഗ്രാമമായ മധുക്കരയിലെത്തി. പൊലീസിന്റെയോ മറ്റോ പരിശോധനകളൊന്നും വഴിമുടക്കിയില്ല. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കും ഇങ്ങനെ നിസാരമായി കഞ്ചാവയക്കാം. തെങ്കാശിയില്‍നിന്ന് പത്തനംതിട്ടക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ പെട്ടി കയറ്റി. മൂന്നരമണിക്കൂറുകൊണ്ട് അതിര്‍ത്തി കടന്ന് പെട്ടി ഇങ്ങെത്തി. ഈ ബസുകളിലെ ജീവനക്കാരൊന്നും അറിഞ്ഞുകൊണ്ടല്ല ഈ കടത്തലിന് കൂട്ടുനിന്നത്. നൂറോ ഇരുന്നൂറോ രൂപക്ക് വേണ്ടി കയ്യില്‍ കിട്ടിയ പെട്ടി കൊണ്ടുപോയെന്ന് മാത്രം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഉപയോഗിച്ചുള്ള കഞ്ചാവ് കടത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. നിലവില്‍ 350ലേറെ അന്തര്‍ സംസ്ഥാന സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ട്രെയിനിലെ പരിശോധനകള്‍ ശക്തമാക്കിയതോടെ കഞ്ചാവ് മാഫിയ ഈ ബസുകളെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. നമ്മുടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പലരും അറിയാതെ ഇവരുടെ കെണിയില്‍ വീണുപോവുകയാണ്.

click me!