കോഴിക്കോട് ഒരു കുട്ടി ഉള്‍പ്പെടെ രണ്ട്പേര്‍ക്ക് കൂടി ഡിഫ്തീരിയ

By Web DeskFirst Published Jul 14, 2016, 6:08 AM IST
Highlights

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട്പേര്‍ക്ക് കൂടി ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. നിലവില്‍ 21 പേ‍ര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാങ്കാവ്, മാവൂര്‍ മേഖലകളില്‍ നിന്നുള്ളവരാണ് ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. ഇതോടെ കോഴിക്കോട്ടെ ഡിഫ്തീരിയ ബാധിതരുടെ എണ്ണം 21 ആയി.

ജില്ലയില്‍ മലമ്പനി കൂടി വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഡിഫ്തീരിയയ്ക്ക് പുറമെ ജില്ലയില്‍ മലമ്പനികൂടെ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് വ്യാപകമായി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്കൂളുകള്‍ കേന്ദ്രീകരിച്ച്  ബോധവത്കരണ ക്ലാസുകള്‍ നടത്തും. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത എലത്തൂര്‍ അടക്കമുള്ള തീരദേശങ്ങളില്‍ കൊതുകു നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള നടപടിതകളെടുക്കുമെന്നും ഡിഎംഒ അറിയിച്ചു.

click me!