
ദില്ലി: ടാക്സി കാറിനുളളില്‍ 23 വയസ്സുകാരിയെ ഡ്രൈവർ പീഡിപ്പിച്ചു. ചൊവ്വാഴ്ച നോർത്ത് ദില്ലി യമുന ഖാദർ ഗോൾഡൻ ജൂബിലി പാർക്കിലായിരുന്നു സംഭവം. സംഭവം റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ഡ്രൈവറായ ചുന്നു മെഹ്തയെ (30) പൊലീസ് അറസ്റ്റ് ചെയ്തു.
മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയ യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടി നോയിഡയിലെ സഹോദരനെ കാണാന്‍ പോയതായിരുന്നു. ലുധിയാനയിലേക്കുള്ള ട്രെയിനിൽ കയറാൻ തിങ്കളാഴ്ച രാത്രി 11ന് ദില്ലി റെയിൽവെസ്റ്റേഷനിൽ പെൺകുട്ടിയെത്തി.
ട്രെയിൻ പുലർച്ചെ 4.30 ന് ആയിരുന്നതിനാൽ സ്റ്റേഷനിലെ വിശ്രമ മുറിയിൽ കാത്തിരിക്കാൻ തീരുമാനിച്ചു. പുലർച്ചെ രണ്ടോടെ മെഹ്ത പെൺകുട്ടിയെ സമീപിക്കുകയും താൻ ട്കാസി ഡ്രൈവറാണെന്നും ലുധിയാനയിലേക്കുള്ള ട്രെയിൻ റദ്ദാക്കിയതായും ധരിപ്പിച്ചു. പിന്നീട് പെൺകുട്ടിയോട് ലുധിയാനയിലേക്കുള്ള ബസിൽ പോകാന്‍ ഇയാള്‍ നിര്‍ദ്ദേശം നല്കി. ഐഎസ്ബിടി ബസ് ടെർമിനിലേക്കുള്ള യാത്രയും ഇയാൾ വാഗ്ദാനം ചെയ്തു. ഇത് വിശ്വസിച്ച പെൺകുട്ടി ഇയാൾക്കൊപ്പം ടാക്സി കാറിൽ കയറി.
എന്നാൽ വിജനമായ സ്ഥലത്ത് കാർ എത്തിച്ച മെഹ്ത പെൺകുട്ടിയെ മാനഭംഗത്തിന് ഇരയാക്കി. പിന്നീട് ദില്ലി പഴയ റെയിൽവെ സ്റ്റേഷനിൽ പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം ഇയാൾ കടന്നുകളഞ്ഞു. പെൺകുട്ടി ഇവിടെനിന്നും കോത്വാലിയിലേക്ക് എത്തുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ടാക്സി നമ്പറും പെൺകുട്ടി പൊലീസിന് കൈമാറി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയുകയുമായിരുന്നു.
സംഭവം നടന്ന ദിവസം രാത്രി തന്നെ ശാസ്ത്രി പാർക്കിലുള്ള വീട്ടിൽനിന്ന് മെഹ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam