ഗൗരി ലങ്കേഷിനേയും  കല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കു കൊണ്ടെന്ന് സൂചന

Published : Sep 14, 2017, 09:43 AM ISTUpdated : Oct 05, 2018, 12:39 AM IST
ഗൗരി ലങ്കേഷിനേയും  കല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കു കൊണ്ടെന്ന് സൂചന

Synopsis

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കും തിരകളും രണ്ടു വര്‍ഷം മുമ്പ് എംഎം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമാണെന്ന് പോലീസ്. പ്രാദേശികമായി നിര്‍മിച്ച 7.65 എംഎം പിസ്റ്റള്‍ ആണ് രണ്ട് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഗൗരി ലങ്കേഷിന്റെ നെഞ്ചിലേയ്ക്കാണ് കൊലയാളി വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകളാണ് ഹൃദയത്തില്‍ന്നും ശ്വാസകോശത്തില്‍നിന്നുമായി കണ്ടെടുത്തത്. നാല് ഒഴിഞ്ഞ തിരകള്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചെങ്കിലും നാലാമത്തെ വെടിയുണ്ട കണ്ടെത്താനായിരുന്നില്ല. പിന്നീട് മെറ്റല്‍ ഡിറ്റക്ടര് ഉപയോഗിച്ചുള്ള പരിശോധനയില്‍ നാലാമത്തെ വെടിയുണ്ടയും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ക്കുന്നത്. 2015 ഓഗസ്റ്റ് 30ന് ധാര്‌വാഡിലെ വീട്ടിലെത്തിയ കൊലയാളി കോളിംഗ് ബെല്‍ അടിക്കുകയും വാതില്‍ തുറന്ന കല്‍ബുര്‍ഗിയെ വെടിവെച്ചു വീഴ്ത്തുകയുമായിരുന്നു.

രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള സമാനത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍നിന്നാണ് ഒരേ തരത്തിലുള്ള തോക്കുതന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായത്. എന്നാല് ഒരു പ്രത്യേക തോക്കുതന്നെയാണോ ഇരു കൊലപാതകത്തിനും ഉപയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. അതേസമയം, ഒരേ സംഘം തന്നെയാണ് ഇരു കൊലപാതകത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന സംശയം ബലപ്പെടുത്തുന്നതാണ് കൊലപാതകങ്ങല്‍ തമ്മിലുള്ള ഈ സാമ്യമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

2015 ഫെബ്രുവരിയി 16ന് മഹാരാഷ്ട്രയിലെ യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകവും കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ സമാനതയുള്ളതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരു കൊലപാതകത്തിലും ഉപയോഗിച്ച തിരകള്‍ക്കുള്ള സമാനതയും പോലീസ് തിരിച്ചറിഞ്ഞിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ് ജനവിധി; സമഗ്ര വിലയിരുത്തലിന് സിപിഎം, നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്
'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ