സുനാമി ഭീതി ഒഴിയാതെ ഇന്തോനേഷ്യ; 281 മരണം, 800 ലധികം പേര്‍ക്ക് പരിക്ക്

By Web TeamFirst Published Dec 24, 2018, 9:27 AM IST
Highlights

ഇന്തോനേഷ്യയിൽ സുനാമി ഭീതി ഒഴിയുന്നില്ല. ഇതുവരെ 281 പേർ മരിച്ചെന്നും  800 ലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക കണക്ക്. നിരവധി പേരെ കാണാതായിട്ടുമുണ്ട്.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ സുനാമി ഭീതി ഒഴിയുന്നില്ല. അഗ്നിപർവ്വതം അനക് ക്രാക്കത്തോവയിൽ നിന്ന് ഇന്നലെയും പുകയും ചാരവും പുറത്തുവന്നതാണ് ആശങ്കക്കിടയാക്കുന്നത്. ഇതുവരെ 281 പേർ മരിച്ചെന്നും  800 ലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക കണക്ക്. നിരവധി പേരെ കാണാതായിട്ടുമുണ്ട്.

വീണ്ടുമൊരു സുനാമി കൂടി വരാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ തീരം വിട്ടുപോകണമെന്നും അധികൃതര്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ശനിയാഴ്ച രാത്രി അഗ്നിപർവ്വതത്തിലുണ്ടായ പൊട്ടിത്തെറിയാണ് സുനാമിക്ക് കാരണമെന്നാണ് നിഗമനം. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ് റോഡ‍് ഗതാഗതം തടസപ്പെട്ടതിനാൽ പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്രാക്കത്തോവ അഗ്നിപർവതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമുദ്രാന്തർഭാഗത്തുണ്ടായ മാറ്റങ്ങൾ സുനാമിക്ക് വഴിവച്ചെന്നാണ് ഇപ്പോഴത്തെ നിഗമനം. ബാന്‍റൺ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റർ വരെ ഉയരത്തിലെത്തിയ തിരമാലകൾ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോർട്ടുകൾ. ക്രിസമസ് ആഘോഷങ്ങൾക്കുൾപ്പെടെ ബീച്ചുകളിൽ ഒത്തുകൂടിയവരാണ് സുനാമിയെ തുടർന്ന് അപകടത്തിൽപ്പെട്ടത്.

click me!