റഷ്യൻ ആസ്തികൾ ഉപയോഗിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് യൂറോപ്യൻ യൂണിയൻ യുക്രൈയ്ന് ഫണ്ട് ഉറപ്പിച്ചു. ബെൽജിയത്തിന്‍റെ എതിർപ്പാണ് ഇതിന് കാരണമായത്. കീവിൽ തെരഞ്ഞെടുപ്പ് നടന്നാൽ യുദ്ധം നിർത്താമെന്ന് പുടിൻ പറയുമ്പോഴും, നേറ്റോയുടെ വികസനത്തിനെതിരെ മുന്നറിയിപ്പുണ്ട്
യൂറോപ്യൻ യൂണിയൻ യുക്രൈയ്ന് ഫണ്ട് ഉറപ്പിച്ചു. പക്ഷേ, അത് റഷ്യൻ ആസ്തികളിൽ നിന്നല്ല. ആ പദ്ധതി ഉപേക്ഷിച്ചു. ബെൽജിയത്തിന്‍റെ എതിർപ്പാണ് കാരണം. യുക്രൈയ്ന് രണ്ട് വർഷത്തേക്കുള്ള പണമായി. യുക്രൈയ്ൻ വിഷയത്തിൽ ഇളവുകളില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കയാണ് റഷ്യൻ പ്രസിഡന്‍റ്. പക്ഷേ, ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കീവിലെ തെരഞ്ഞെടുപ്പ് അടക്കം.
യുക്രൈയ്ന് ഇളവില്ല, യൂറോപ്പിന് ഭീഷണി
വർഷാവസാനം നടത്തുന്ന പതിവ് വാർത്താ സമ്മേളനത്തിലാണ് യുക്രൈയ്ന് ഇളവുകളില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. 4 മണിക്കൂർ നീണ്ട വാർത്താസമ്മേളനം. തുടങ്ങിയത് യുദ്ധം അവസാനിപ്പിക്കാൻ റഷ്യ എപ്പോഴത്തെയും പോലെ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട്. കീവ് തെരഞ്ഞെടുപ്പ് നടത്തണം, അങ്ങനെയെങ്കിൽ അതുവരെ യുദ്ധം നിർത്തിവയ്ക്കാമെന്നും വ്ലദീമീർ പുടിൻ അറിയിച്ചു. സെലൻസ്കിയുടെ പ്രസിഡന്‍റ് പദവിയോടുള്ള അതൃപ്തി പണ്ടേ പ്രകടമാക്കിയിട്ടുള്ളതാണ് റഷ്യൻ പ്രസിഡന്‍റ്. സെലൻസ്കി നിയമാനുസൃതമായല്ല പ്രസിഡന്‍റായിരിക്കുന്നത് എന്നാണ് പുടിന്‍റെ എപ്പോഴുമുള്ള ആരോപണം. തെരഞ്ഞെടുപ്പ് നടത്തിയാൽ സെലൻസ്കി തോൽക്കുമെന്നും. തോറ്റാൽ, റഷ്യൻ അനുകൂലിയെ പ്രസിഡന്‍റാക്കാം പണ്ടത്തെപ്പോലെ. നേറ്റോ അംഗത്വ ആവശ്യം അവിടെ തീരുമെന്നാണ് പ്രതീക്ഷ.

പുടിന്‍റെ ഭീഷണി
പക്ഷേ, മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് കൗതുകകരമായ ഒരു കാര്യം പ്രസിഡന്‍റ് പറഞ്ഞു. യുകെ, യുഎസ്, യൂറോപ്പ് എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണ്. പക്ഷേ, പരസ്പര ബഹുമാനത്തോടെ. തുല്യരായി. പിന്നെ പറഞ്ഞതിന് മുന്നറിയിപ്പിന്‍റെ സ്വരമായിരുന്നു. ഇതേ ബഹുമാനത്തോടെ റഷ്യയോട് പെരുമാറണം. എപ്പോഴും റഷ്യയെ പറഞ്ഞുപറ്റിച്ച് നേറ്റോ കിഴക്കോട്ട് പടർന്നു കയറരുത്. റഷ്യയുടെ സുരക്ഷ ബലികൊടുത്ത് നേറ്റോ കിഴക്കോട്ട് വികസിച്ചു. ഇനിയതുണ്ടാവരുത്. അങ്ങനെയെങ്കിൽ ഇനിയൊരു സൈനിക നടപടി ഉണ്ടാവില്ല. ഇനിയൊരു സൈനിക നടപടി ഉണ്ടാവുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ച്, യുക്രൈയ്ന്‍റെ പ്രദേശങ്ങൾ വിട്ടുകൊടുത്ത്, നേറ്റോ അംഗത്വം വേണ്ടെന്നുവച്ചില്ലെങ്കിൽ, അടുത്ത സൈനിക നടപടി മറ്റൊരു രാജ്യത്തിന് നേർക്ക് എന്നാണ് മുന്നറിയിപ്പെന്ന് വ്യക്തം.
നേറ്റോ അംഗത്വം
അംഗത്വ ആവശ്യം ഉന്നയിക്കുന്ന രാജ്യങ്ങൾക്ക് ചില മാനദണ്ഡങ്ങൾ അനുസരിച്ച് അംഗത്വം നൽകുകയാണ് നേറ്റോ എന്ന സൈനിക സഖ്യത്തിന്‍റെ രീതി. യുക്രൈയ്ന്‍റെ ആവശ്യം നേറ്റോ പരിഗണിക്കും എന്നായപ്പോഴാണ് റഷ്യയുടെ അധിനിവേശമുണ്ടായത്. പക്ഷേ, അതോടെ യൂറോപ്പിലെ കൂടുതൽ രാജ്യങ്ങൾ നേറ്റോ അംഗത്വം തേടിത്തുടങ്ങിയന്നെതാണ് വസ്തുത. നിഷ്പക്ഷ രാജ്യങ്ങളായി ഫിൻലൻഡും സ്വീഡനുമാണ് ഉദാഹരണം. അവരാണ് ഏറ്റവും പുതിയ നേറ്റോ അംഗങ്ങൾ. യുക്രൈയ്ന്, റഷ്യൻ ആസ്തികൾ നൽകേണ്ടെന്ന് യൂറോപ്യൻ യൂണിയൻ തീരുമാനിച്ച ശേഷമായിരുന്നു വാർത്താ സമ്മേളനം. അങ്ങനെ നൽകിയിരുന്നെങ്കിൽ അത് കൊള്ളയടിക്കൽ ആയേനെ എന്നും കടുത്ത പ്രത്യാഘാതമുണ്ടായേനെയെന്നും മുന്നറിയിപ്പ് ഉണ്ടായി.

ബെൽജിയത്തിന്‍റെ എതിർപ്പ്
യൂറോപ്യൻ ബാങ്കിലുള്ള റഷ്യൻ ആസ്തികൾ യുക്രൈയ്ന് നൽകാമെന്ന തീരുമാനത്തിൽ നിന്ന് യൂറോപ്യൻ യൂണിയൻ പിന്നോട്ടു പോയത് ബെൽജിയത്തിന്‍റെ എതിർപ്പ് കാരണമാണ്. ബെൽജിയം ബാങ്കിലാണ് തുക. അതെടുത്താൽ റഷ്യയുടെ രോഷത്തിന് ഇരയാകുമെന്ന് പേടിച്ചാണ് എതിർത്തത്. ബെൽജിയം മാത്രമല്ല, വേറെയും രാജ്യങ്ങൾ ആശങ്കപ്പെട്ടു. ഒന്ന് റഷ്യയുടെ നിയമ നടപടി. രണ്ടാമത്തെ ആശങ്ക ന്യായമാണ്. റഷ്യൻ ആസ്തി അങ്ങനെ എടുത്താൽ, അത് ആഗോളതലത്തിൽ തിരിച്ചടിയാകും, നിക്ഷേപങ്ങൾ സുരക്ഷിതമെന്ന യൂറോസോണിന്‍റെ പ്രതിഛായയെ ബാധിക്കും . ബെൽജിയം മുന്നോട്ടുവച്ച വ്യവസ്ഥകളും കട്ടിയായിരുന്നു, വാക്കാലുള്ള അറിയിപ്പ് പോരെന്ന് ബെൽജിയൻ പ്രധാനമന്ത്രി വ്യക്തമാക്കി.
യൂണിയനിലെ ഭിന്നത
ഇതെല്ലാം ചർച്ച ചെയ്ത ശേഷമാണ് റഷ്യൻ ആസ്തികളെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. റഷ്യൻ ആസ്തികളിൽ നിന്നും യൂറോപ്യൻ യൂണിയൻ ഇതിനകം തന്നെ പലിശയെടുത്ത് യുക്രൈയ്ന് നൽകിയിരുന്നു. പക്ഷേ, ബോണ്ടുകൾ മെച്ചുറായതോടെ അത് പണമായി. ഈ പണമാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിട്ടത്. ഇതിപ്പോൾ വായ്പയാണ്. 90 ബില്യണിന്‍റെ വായ്പ. അതിലും എതിർപ്പുകളുണ്ടായി. സാമ്പത്തിക ബാധ്യതയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു, ഹംഗറി, സ്ലൊവാക്യ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ. എങ്കിലേ പിന്തുണക്കൂവെന്നായി. ഹംഗറിയും സ്ലൊവാക്യയും ക്രെംലിനോട് അടുപ്പമുള്ള രാജ്യങ്ങളാണ്. അതാണ് കാരണം. പ്രകടമായത് യൂറോപ്യൻ യൂണിയനുള്ളിലെ ഭിന്നതകളാണ്. ഐക്യം എടുത്തുകാണിക്കണം എന്ന ബ്രസൽസിന്‍റെ ആഗ്രഹം വെറുതേയായി. റഷ്യൻ ആസ്തികൾ എടുക്കുന്നതിനോട് ഫ്രാൻസിനും മുമ്പ് അത്ര താൽപര്യമുണ്ടായിരുന്നില്ല. അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ നേരത്തെ പറയുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീട് നിലപാട് മാറ്റി.

തത്കാല ആശ്വാസം, പക്ഷേ...
90 ബില്യൻ യുക്രൈയ്ന് തൽകാലത്തെ ആവശ്യമാണ്. 2027 വരെയുള്ള ചെലവുകൾക്ക് ഇനിയും 45 ബില്യൻ യൂറോ കൂടി വേണം. അത് ബ്രിട്ടനോ ജപ്പാനോ കാനഡയോ ഏറ്റെടുക്കുമെന്നാണ് ബ്രസൽസിന്‍റെ പ്രതീക്ഷ. അമേരിക്കയുടെ പിൻമാറ്റം കാരണം അടുത്ത രണ്ട് വർഷത്തേക്കുള്ള യുക്രൈയ്ന്‍റെ ഫണ്ടിൽ 137 ബില്യന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്പ് അതിന്‍റെ മൂന്നിൽ രണ്ട് നൽകും. ഏതാണ്ട് 105 ബില്യൻ. എന്തായാലും തങ്ങൾ എപ്പോഴും യുക്രൈയ്നൊപ്പം ഉണ്ടാകുമെന്ന് ഒരിക്കൽ കൂടി നേതാക്കൾ വ്യക്തമാക്കി. തങ്ങളുടെ ആസ്തികൾക്കായി ബെൽജിയത്തിലെ യൂറോക്ലിയർ ബാങ്കിനെതിരായി കേസ് ഫയൽ ചെയ്തിരിക്കയാണ് റഷ്യ. ലാഭം നഷ്ടമായതിന്‍റെ പേരിൽ നഷ്ടപരിഹാരം ചോദിക്കുമെന്നും റഷ്യൻ സെൻട്രൽ ബാങ്ക് അറിയിച്ചിരിക്കയാണ്.
വഴി പിരിയുന്ന ട്രംപും യൂറോപ്പും
അമേരിക്കയോടുള്ള എതിർപ്പ് വ്യക്തമാക്കിക്കൊണ്ടാണ് ബ്രസൽസിലെ ഉച്ചകോടി അവസാനിച്ചത്. യുക്രൈയ്ൻ സമാധാനത്തിനുള്ള അമേരിക്കയുടെ 28 ഇന പദ്ധതിയിൽ ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശമാണ് കാരണം. യൂറോപ്പിലുള്ള റഷ്യയുടെ ആസ്തികൾ അമേരിക്കയുടെ നേതൃത്വത്തിലെ യുക്രൈയ്ൻ പുനർനിർമ്മാണത്തിന് നൽകണമെന്നായിരുന്നു നിർദ്ദേശം. അതിനോടുള്ള കഠിനമായ എതിർപ്പ് മുള്ളും മുനയും വച്ച വാക്കുകളിലൂടെ വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രസിഡന്‍റ് ഉർസുല വോൺ ദ് ലെയൻ.
നിരീക്ഷണം അത്ര സുഖമുള്ളതല്ല. യൂറോപ്പ് ഇപ്പോൾ രണ്ട് കൂട്ടരെയാണ് നേരിടുന്നത്. ഒന്ന് ട്രംപിന്‍റെ വാക്കാലുള്ള ആക്രമണങ്ങൾ. രണ്ടാമത്തേത് ക്രെംലിന്‍റെ ശത്രുത. അശക്തരെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് യൂറോപ്പിനെ വിശേഷിപ്പിച്ചത്. പിഗ്ലെറ്റ്സ് എന്ന് വിശേഷിപ്പിച്ചു റഷ്യൻ പ്രസിഡന്‍റ്. തന്‍റെ സമാധാന പദ്ധതി അംഗീകരിക്കാത്തതിലെ അരിശമാണ് ഡോണൾഡ് ട്രംപിന്. യുക്രൈയ്നെ വഴിതെറ്റിക്കുന്നുവെന്ന ദേഷ്യം റഷ്യക്ക്. യൂറോപ്പിന് ഐക്യം അനിവാര്യമാണ്. അതുകൊണ്ട് തന്നെ റഷ്യൻ ആസ്തികൾ എടുത്തില്ലെങ്കിലും യുക്രൈയ്ന് ഫണ്ട് ഉറപ്പിക്കാനായതിന്‍റെ ആശ്വാസം ചെറുതല്ല ബ്രസൽസിന്.


