
ദില്ലി: 2 ജി സ്പെക്ട്രം കേസില്‍ എ.രാജ, കനിമൊഴി ഉള്‍പ്പടെയുള്ള എല്ലാ പ്രതികളെയും വെറുതേ വിട്ട സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ. കേസില്‍ പ്രതികള്‍ക്കെതിരായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെ ശരിയായ വെളിച്ചത്തില്‍ വിലയിരുത്താന്‍ കീഴ് കോടതിക്ക് കഴിഞ്ഞില്ല എന്നാണ് സിബിഐയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിയുമായി മുന്നോട്ടുപോകാനാണ് സിബിഐ ആലോചിക്കുന്നത്.
കേസിന്റെ പിന്‍ബലത്തിനാവശ്യമായ എല്ലാ വസ്തുതകളും ക്രോഡീകരിച്ചായിരിക്കും ഹൈക്കോടതിയെ സമീപിക്കുകയെന്ന് സിബിഐ അറിയിച്ചു. സാധാരണനഗതിയില്‍, കോടതി വിധി പരിശോധിച്ച് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് അപ്പീല്‍ അടക്കമുളള തുടര്‍നടപടികള്‍ സിബിഐ സ്വീകരിക്കാറ്. ഇവിടെ, പ്രഥമദൃഷ്ട്രാ അപ്പീലുമായി മുന്നോട്ടുപോകുന്നതിന് അനുകൂലമായ സാഹചര്യമുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളും, മറ്റു രേഖകളും വേണ്ടവിധത്തില്‍ കോടതിക്ക് ബോധ്യപ്പെട്ടിരിക്കില്ല എന്നാണ് കരുതുന്നതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ പ്രതിവിധികളും തേടുമെന്നും സിബിഐ അറിയിച്ചു.
2ജി സ്പെക്ട്രം കേസില്‍ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് എല്ലാ പ്രതികളെയും വെറുതെ വിട്ടത്. മുന്‍ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവരുള്‍പ്പടെ 17 പേരെയാണ് വെറുതെ വിട്ടത്. ഒറ്റവരിയിലായിരുന്നു ജഡ്ജി ഒ.പി.സെയ്‌നിയുടെ വിധി. കേസില്‍ സിബിഐ സമര്‍പ്പിച്ച രണ്ട് കുറ്റപത്രവും കോടതി റദ്ദാക്കി. എന്‍ഫോഴ്‌സ്‌മെന്റ് എടുത്ത കേസും റദ്ദാക്കി. പ്രതികള്‍ക്കെതിരെ തെളിവുകള്‍ നിരത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി.സൈനി വ്യക്തമാക്കിയിരുന്നു. ആറ് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന 2ജി സ്പെക്ട്രം അഴിമതി കേസ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി ആരോപണമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam