വരും അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം തുഗ്ലക്ക് പരിഷ്കരണമാണെന്ന് വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി വി ശിവൻകുട്ടിയും പിണറായി വിജയനും എംഎം മണിയും. യുഡിഎഫ് കാലത്ത് ഫോട്ടോസ്റ്റാറ്റ് കോപ്പികൾ വിതരണം ചെയ്തത് ഓർമ്മിച്ചായിരുന്നു പ്രതികരണം.

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനെ മുൻപേ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം നടത്തുന്നത് തുഗ്ലക്ക് പരിഷ്കരണമാണെന്ന് വിമർശിച്ച രമേശ് ചെന്നിത്തലയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും എംഎം മണിയും. മഴവില്ലിലെ വർണങ്ങളെ കുറിച്ച് പഠിപ്പിക്കാൻ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോൾ തുഗ്ലക്ക് പരിഷ്കാരം എന്ന് പറയുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. താളിയോല കുറേ കേട്ടിട്ടുണ്ടെന്നും 2011 മുതൽ 2016 വരെ ഫോട്ടോസ്റ്റാറ്റ് കണ്ടിട്ടുണ്ടെന്നും എം എം മണിയും മറുപടി നൽകി.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണവുമായി രംഗത്തെത്തി. സ്കൂളുകൾ അടച്ചുപൂട്ടി, കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള നമ്മുടെ വളർച്ചയെ താറടിക്കുന്ന ഏത് പരാമർശവും എതിർക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. അധ്യയന വർഷം ആരംഭിച്ചിട്ടും പഠിക്കാൻ പാഠപുസ്തകങ്ങൾ ലഭിക്കാതെ നമ്മുടെ കുഞ്ഞുങ്ങൾ വലഞ്ഞിരുന്ന കെട്ട കാലം കേരളത്തിനുണ്ടായിരുന്നുവല്ലോ. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്തു ക്ലാസ് നടത്തിയിരുന്ന അക്കാലത്ത് നിന്നും അധ്യയന വർഷം തീരുമ്പോഴേക്ക് അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് നമ്മുടെ നാട് വളർന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.