മൂന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർക്ക് ഊർജ്ജതന്ത്ര നൊബേൽ

By Web DeskFirst Published Oct 4, 2016, 11:02 AM IST
Highlights

സ്റ്റോക്ഹോം: ഊർജ്ജ തന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പങ്കിട്ടു. ഡേവിഡ് ജെ തൗലസ്, ഡങ്കൻ എം ഹോൾഡെയ്ൻ, മൈക്കൽ കോസ്റ്റർലിറ്റ്സ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ദ്രവ്യത്തിന്റെ വിചിത്രാവസ്ഥകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. പുരസ്കാരം സ്വന്തമാക്കിയ 82കാരനായ ഡേവിഡ് ജെ തൗലസ്, 74കാരനായ മൈക്കൽ കോസ്റ്റർലിറ്റ്സ്,  65കാരനായ ഡങ്കൻ ഹാൾഡേൻ എന്നീ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഇപ്പോൾ അമേരിക്കയിൽ ഗവേഷകരാണ്.

1970കളിലാണ് പുരസ്കാരത്തിനാധാരമായ പഠനങ്ങൾ തുടങ്ങുന്നത്. അത്യധികം ചൂടോ തണുപ്പോ ഉള്ള ചുറ്റുപാടിൽ  പദാർത്ഥങ്ങളിലെ ആറ്റങ്ങൾ അസാധാരണമായ രീതിയിലേക്ക് മാറുന്നുവെന്ന് ഇവർ മനസ്സിലാക്കി. ചാലകത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോഴുണ്ടാകുന്ന പ്രതിരോധം ഏറ്റവും കുറയുന്നത് പ്രതലത്തിലെ കനം കുറഞ്ഞ പാളികളിലാണെന്ന് ഇവർ വിശദീകരിച്ചു. ഇത്തരത്തിൽ അതിചാലകങ്ങൾ, അതിദ്രാവകങ്ങൾ, നേർത്ത കാന്തിക ഫിലിമുകൾ എന്നിവയിലുള്ള വിചിത്രഘട്ടങ്ങളെക്കുറിച്ചും വിശദീകരണം നൽകി.

ദ്രവ്യങ്ങളുടെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള ഗണിതശാസ്ത്ര ശാഖയായ ടോപ്പോളജി കൂടി ഉപയോഗപ്പെടുത്തിയാണ് ഇവർ ഈ പ്രതിഭാസം പഠിച്ചത്. കമ്പ്യൂട്ടറുകളിലെ പുതിയ സാങ്കേതിക വിദ്യകളടക്കം ഇലക്ട്രോണിക്‌സിലും മെറ്റീരിയല്‍സ് സയന്‍സിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ കണ്ടുപിടിത്തം സഹായിച്ചു.

വർഷങ്ങൾക്ക് മുമ്പ് നടത്തിയ കണ്ടുപിടുത്തമാണെങ്കിലും ഇപ്പോഴാണ് അതിന് കൂടുതൽ പ്രസക്തി കൈവന്നതെന്നും പുരസ്കാരനേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഹാൾഡേൻ പറഞ്ഞു. ബുധനാഴ്ചയാണ് രസതന്ത്ര നൊബേൽ പ്രഖ്യാപനം.

click me!