ദില്ലിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ പട്ടിണി കിടന്നു മരിച്ചു

Web Desk |  
Published : Jul 25, 2018, 10:47 PM ISTUpdated : Oct 02, 2018, 04:25 AM IST
ദില്ലിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ പട്ടിണി കിടന്നു മരിച്ചു

Synopsis

കുട്ടികളുടെ അമ്മയായ ബീന മാനസികാസ്വാസ്ഥ്യമുള്ളയാണ്. ഇവര്‍ക്ക് കുട്ടികളെ തീരെ ശ്രദ്ധിക്കാനോ അവരുടെ അവസ്ഥ അറിയാനോ സാധിച്ചില്ല.

ദില്ലി:രാജ്യതലസ്ഥാനമായ ദില്ലിയില്‍ മൂന്ന് കുട്ടികള്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്നു മരിച്ചു. കിഴക്കന്‍ ദില്ലിയിലെ മണ്ഡാവലി ഗ്രാമത്തിലെ മാനസി(8),പാറോ(4), സുഖോ(2) എന്നീ കുട്ടികളാണ് ഭക്ഷണം കിട്ടാതെയും തിരിഞ്ഞു നോക്കാനാരുമില്ലാതേയും പട്ടിണി കിടന്നു മരിച്ചത്. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ദില്ലിയിലെ മധുവിഹാറില്‍ റിക്ഷാ വലിച്ചു ജീവിക്കുന്ന മംഗള്‍ എന്നയാളാണ് കുട്ടികളുടെ പിതാവ്. എന്നാല്‍ കുറച്ചു ആഴ്ച്ചകള്‍ മുന്‍പ് ഇയാളുടെ റിക്ഷാ മോഷണം പോയി. തുടര്‍ന്ന് മറ്റൊരു തൊഴില്‍ തേടി പോയ ഇയാളെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണില്ലാത്ത ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

കുട്ടികളുടെ അമ്മയായ ബീന മാനസികാസ്വാസ്ഥ്യമുള്ളയാണ്. ഇവര്‍ക്ക് കുട്ടികളെ തീരെ ശ്രദ്ധിക്കാനോ അവരുടെ അവസ്ഥ അറിയാനോ സാധിച്ചില്ല. തൊഴിലന്വേഷിച്ചു പോകും മുന്‍പ് മംഗള്‍ പുതിയ സ്ഥലത്തേക്ക് ഭാര്യയേയും മക്കളേയും മാറ്റി താമസിപ്പിച്ചിരുന്നു. അച്ഛന്‍റേയും അമ്മയുടേയും ശ്രദ്ധ കിട്ടാതിരുന്ന കുട്ടികള്‍ സ്വന്തം നിലയില്‍ ഭക്ഷണം യാചിച്ചു നോക്കിയെങ്കിലും പുതിയ സ്ഥലത്ത് ആ ശ്രമം പരാജയപ്പെട്ടു. 

ആരൊക്കെയോ ചേര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു 18 മണിക്കൂര്‍മുന്‍പെങ്കിലും അവര്‍ മരിച്ചിരുന്നുവെന്നാണ് ഇവരെ പരിശോധിച്ച ലാല്‍ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അമിത് സക്സേന പറയുന്നത്. കുട്ടികള്‍ മരിച്ചത് പട്ടിണി കിടന്നാണെന്ന് ഉറപ്പിച്ചു പറയുന്ന അദ്ദേഹം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്നും ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളുടെ മരണകാരണം സംബന്ധിച്ച സംശയം തീര്‍ക്കാന്‍ മറ്റൊരു മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഈസ്റ്റ് ദില്ലി ഡിസിപി പങ്കജ് സിംഗ് അറിയിച്ചു.കുട്ടികളുടെ പിതാശയം മുഴുവന്‍ പിത്തരസം കെട്ടിക്കിടക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂത്രാശയവും മലാശയവുമെല്ലാം ശൂന്യമായിരുന്നു. 

പശ്ചിമബംഗാളിലെ മിഡ്നാപുറില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുന്‍പ് തൊഴില്‍ അന്വേഷിച്ച് ദില്ലിക്ക് വന്നയാളാണ് മംഗള്‍. സുഹൃത്തില്‍ നിന്നും വാങ്ങിയ ഒരു ആള്‍റിക്ഷവലിച്ചാണ് ഇയാള്‍ ജീവിച്ചത്. 50-60 രൂപയായിരുന്നു ഇയാളുടെ ദിവസവരുമാനം. ഈ തുക കൊണ്ട് ഇയാള്‍ വ്യാജമദ്യം വാങ്ങി കുടിക്കുകയും ചെയ്യും. ഭര്‍ത്താവ് അപൂര്‍വമായി മാത്രമാണ് തങ്ങളുടെ അടുത്ത് വന്നതെന്ന് ബീന പറയുന്നു. ദരിദ്രവും പട്ടിണിയും പതിയെ ബീനയുടെ ആരോഗ്യത്തെ ബാധിക്കുകയും വൈകാതെ അവരുടെ മാനസികനില തകിടംമറിയുകയും ഓര്‍മശക്തി നഷ്ടപ്പെടുകയും ചെയ്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ