
സൈക്കോ ശങ്കര്‍ ആ പേരു തന്നെ സൂചിപ്പിക്കുന്നുണ്ട്, ആരായിരുന്നു എം ജയശങ്കറെന്ന കൊടും കുറ്റവാളി. കുറ്റകൃത്യ ചരിത്രത്തില്‍ പഠനവിധേയമാക്കേണ്ട ഒരേടാണ് സൈക്കോ ശങ്കറിന്‍റെ ജീവിതം. 30 ബലാത്സംഗങ്ങള്‍, 15 കൊലപാതകങ്ങള്‍, രണ്ട് രക്ഷപ്പെടലുകള്‍ അങ്ങനെ സൈക്കോ ശങ്കറിന്‍റെ ജീവിതം ഒരു ക്രിമിനല്‍ ചരിത്രമാണ്. കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യയെ നടുക്കിയ സീരിയല്‍ കില്ലര്‍ സൈക്കോ ശങ്കറിനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സൈക്കോ ശങ്കറിനെ കഴുത്ത് അറുത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബീറ്റ് ഓഫീസര്‍മാരാണ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തമിഴ്നാട്ടിലെ സേലം ജില്ലയിലെ കണ്ണിയാന്‍പട്ടി സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറായിരുന്നു. 14 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ്. കുറ്റകൃത്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് 2009ലാണ്. 2009ല്‍ ജൂലൈ മൂന്നിന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 45 കാരിയായ ശ്യാമള കൊല്ലപ്പെട്ടു. ആഗസ്തില്‍ വനിതാ പൊലീസുകാരിയെ ശങ്കര്‍ കൊലപ്പെടുത്തി. ഒക്ടോബറില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
2009 മുതല്‍ 2011 വരെ മാത്രം 13 ബലാത്സംഗ- കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2011 മാര്‍ച്ചില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മെയ് നാലിന് വീണ്ടും അറസ്റ്റ് ചെയ്തു. ആ രണ്ട് മാസത്തിനിടയില്‍ ആറ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമെ പുരുഷനും കുട്ടിയും ശങ്കറിന്‍റെ കത്തിക്കിരയായി. ഏപ്രിലില്‍ ഹൗസറിലെ സബ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു. 2013 ഏപ്രിലില്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. സെപ്തബര്‍ ആറിന് വീണ്ടും ബെംഗളൂരു പൊലീസ് പിടികൂടി. ഫെബ്രുവരി 27 ആത്മഹത്യചെയ്തു.
2013 ഏപ്രിലില്‍ അതീവ സുരക്ഷകളുള്ള ജയിലില്‍ നിന്ന് ബെഡ്ഷീറ്റുകളും മുളവടിയും ഉപയോഗിച്ച് വളരെ തന്ത്രപരമായാണ് ശങ്കര്‍ രക്ഷപ്പെട്ടത്. ഉപമുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഡ്യൂട്ടിയിലിരിക്കെയാണ് പൊലീസുകാരിയെ പെരുനമല്ലൂര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷം ചിത്രദുര്‍ഗ ജില്ലയില്‍ മോഷ്ടിച്ച ബൈക്കില്‍ എത്തിയ ശങ്കര്‍ അവിടെ ഒരു യുവതിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും പിടിയിലായത്. ഒറ്റയ്ക്ക് നില്‍ക്കുന്ന സ്ത്രീകളെയായിരുന്നു സൈക്കോ ശങ്കര്‍ എന്നും ലക്ഷ്യം വച്ചിരുന്നത്. ആദ്യം ബലാത്സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തുന്നതായിരുന്നു രീതി. അതുകൊണ്ടുതന്നെ സൈക്കോ ശങ്കറിന്‍റെ മരണത്തോടുകൂടി ഇല്ലാതായത് പൊലീസിന്‍റെ തലവേദനയും ഒപ്പം, കുറ്റകൃത്യത്തിന്‍റെ ഭീകരമായ ഒരു മുഖം കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam