കർണാടകയിലെ തുംകൂരിൽ ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ വീണ്ടും വിവാഹിതയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ദാസറഹള്ളി സ്വദേശിയായ 50കാരൻ പരമേഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം

ബെം​ഗളൂരു: കർണാടകയിലെ തുംകൂരിൽ ഭർത്താവ് മരിച്ച് 19-ാം ദിവസം ഭാര്യ വീണ്ടും വിവാഹിതയായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ദാസറഹള്ളി സ്വദേശിയായ 50കാരൻ പരമേഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. സഹോദരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താനായി പുറത്തെടുത്തു. തുംകൂരുവിലെ ദാസറഹള്ളിയിൽ 23 ദിവസം മുന്പ് നടന്ന മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. മരിച്ച പരമേഷിന്റെ സഹോദരി നന്ദിതയാണ് മരണത്തിൽ ഭാര്യ ആശയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി വ്യക്തനാക്കി ഹെബ്ബൂ‍ർ പൊലീസിൽ പരാതി നൽകിയത്. സഹോദരൻ മരിച്ച് 19 ദിവസത്തിന് ശേഷം ആശ വീണ്ടും വിവാഹിതയായത് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരമേഷിന്റെ മൂക്കിൽ മുറിവുണ്ടായിരുന്നു എന്നും പരാതിയിൽ ഉണ്ട്. തുടർന്ന് പൊലീസ് തഹസിൽദാറുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. പരമേഷിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. ഇതിനിടയിൽ ആശയെ പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തു. കാറ്ററിംഗ് തൊഴിലിൽ ഏർപ്പെട്ടിരുന്ന ആശ മഗഡി സ്വദേശിയാണ്. അന്വേഷണത്തിൽ ആശയുടെ മൂന്നാം വിവാഹമാണ് ഇതെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. പരമേഷ് ജീവിച്ചിരിക്കെ തന്നെ കാറ്ററിംഗ് തൊഴിലാളിയായ കുനിഗൽ സ്വദേശി ചന്ദ്രപ്പയുമായി ആശ അടുപ്പം പുലർത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പരമേഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന സ്ഥിരീകരിക്കാനായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം നടപടികളുമായി മുന്നോട്ടു പോകും എന്ന് പൊലീസ് വ്യക്തമാക്കി.