
റിയാദ്: തീവ്രവാദ ബന്ധമുള്ള 30 വിദേശികള്‍ രാജ്യത്ത് പിടിയിലായതായി സൗദി അറേബ്യ. പിടിയിലായവരിൽ ഇന്ത്യക്കാരില്ല. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള മുപ്പത് വിദേശികളെ ഈ മാസം ഇതുവരെ സൗദിയില്‍ പിടികൂടിയതായാണ് സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്. സുഡാനില്‍ നിന്നുള്ള പതിനൊന്നും, യമനില്‍ നിന്നുള്ള ഒമ്പതും, ഈജിപ്തില്‍ നിന്നുള്ള രണ്ടും, തുര്‍ക്കി, കെനിയ, ഇറാന്‍, സൊമാലിയ, സിറിയ, ബഹറൈന്‍, കിര്‍ക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പിടിയിലായി. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.
ഭീകരവാദ കേസുകളില്‍ രാജ്യത്ത് ഇതുവരെ അറസ്റ്റിലായ യമനികളുടെ എണ്ണം 328 ഉം, സിറിയക്കാരുടെ എണ്ണം 207, ഈജിപ്തുകാരുടെ എണ്ണം 72, തുര്‍ക്കികളുടെ എണ്ണം 18മാണ്. ഏറ്റവും പുതിയ കണക്കനുസരിച്ചു ഭീകരവാദ കേസുകളില്‍ സൗദിയിലെ ജയിലുകളില്‍ 5348 പേര്‍ തടവില്‍ കഴിയുന്നുണ്ട്. ഇതില്‍ ചിലരുടെ പേരില്‍ ഇപ്പോഴും അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം ഹൂത്തി നേതാക്കളില്‍ രണ്ടാമന്‍ സാലിഹ് അല്‍ സമാദ് ഇന്നലെ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സഖ്യസേന രണ്ടു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഹൂത്തികളുടെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്നു. മഹ്ദി അല്‍ മശാതിനെ പുതിയ അധ്യക്ഷനായി ഹൂത്തികള്‍ തെരഞ്ഞെടുത്തു. അതേസമയം യമനിലെ ഹൂത്തി ഭീകരവാദികള്‍ ഇന്നലെയും സൗദിയിലെ ജിസാന് നേരെ രണ്ട് തവണ മിസൈല്‍ ആക്രമണം നടത്തി. രണ്ടും സൗദി സഖ്യസേന തകര്‍ത്തു. എണ്ണ സംസ്കരണ കേന്ദ്രമായ സൗദി അരാംകോക്ക് നേരെയായിരുന്നു ആക്രമണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam