ആന്ധ്രാപ്രദേശിലെ ട്രെയിന്‍ അപകടം:  32 പേര്‍ മരിച്ചു

By Web DeskFirst Published Jan 22, 2017, 5:52 AM IST
Highlights

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ജഗദല്‍പൂരില്‍ നിന്നും ഭുവനേശ്വരിലേക്ക് പോകുകയായിരുന്ന ഹിരാഖണ്ഡ് എക്‌സ്പ്രസ് ആന്ധ്രാ ഒഡീഷ അതിര്‍ത്തിയായ കുനേരു സ്‌റ്റേഷനടുത്ത് വച്ച് അപകടത്തില്‍ പെട്ടത്. രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്. ദേശീയ ദുരന്തനിവാരണ സേനയുടേയും സൈന്യത്തിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

പരിക്കേറ്റവരെ വിശാഖപട്ടണത്തേയും റായഗഡയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റ് ശക്തിപ്രദേശത്തുണ്ടായ അപകടം റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം അട്ടിമറി സാധ്യത തള്ളികളഞ്ഞില്ല. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും അപകടസ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അന്പതിനായിരം രൂപയും റെയില്‍വെ സഹായധനം പ്രഖ്യാപിച്ചു.

സംഭവം വേദനാജനകമാണെന്നും മന്ത്രാലയം സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ തീവണ്ടി അകപടമാണിത്. കഴിഞ്ഞ നവംബറില്‍ കാണ്‍പൂരിലുണ്ടായ തീവണ്ടി അപകടത്തില്‍ 147 പേര്‍ മരിച്ചിരുന്നു.
 

click me!