
ആരക്കോണം: തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാർഥിനികൾ കൂട്ടആത്മഹത്യ ചെയ്തത് മാർക്ക് കുറഞ്ഞതിനല്ലെന്ന് സഹപാഠികൾ. നന്നായി പരീക്ഷ എഴുതിയിട്ടും മാർക്ക് നൽകാത്തത് ചോദ്യം ചെയ്തതിന് ജാതിപ്പേര് വിളിച്ച് അപമാനിയ്ക്കുകയാണ് പ്രിൻസിപ്പാളുൾപ്പടെയുള്ള അദ്ധ്യാപകർ ചെയ്തതെന്ന് മരിച്ച പെൺകുട്ടികളുടെ സഹവിദ്യാർഥിനികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അദ്ധ്യാപികമാർക്കെതിരായ നടപടി പക്ഷേ, സസ്പെൻഷനിലൊതുങ്ങി.
പത്താംക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തോളം മാർക്ക് വാങ്ങിയിരുന്നു മരണപ്പെട്ട നാല് വിദ്യാര്‍ത്ഥിനികളും. വീട്ടിലെ ചുവര് മുഴുവൻ എംബിബിഎസ് എന്ന സ്വപ്നം വരച്ചുവെച്ചിരുന്നു ഇതില്‍ ശങ്കരി എന്ന കുട്ടി. നഗരത്തിൽ കൂലിപ്പണിയെടുക്കുന്ന അച്ഛനുമമ്മയ്ക്കുമൊപ്പം നിന്ന് ചെന്നൈയിലെ സ്കൂളിൽ പഠിയ്ക്കാൻ പണമില്ലാത്തതുകൊണ്ട് അമ്മൂമ്മയോടൊപ്പം നിൽക്കുകയായിരുന്നു രേവതി.
പണപ്പാക്കത്തെ ദളിത് കോളനിയിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച കുട്ടിയായിരുന്നു മനീഷ. തറിയിൽ നെയ്തു കിട്ടുന്ന ദിവസക്കൂലി കൊണ്ടാണ് ദീപയുടെ അച്ഛൻ കുടുംബം നോക്കിയിരുന്നത്.
ഉത്തരമെഴുതിയിട്ടും മാർക്ക് കുറവ് തന്നതെന്തിനെന്ന് ടീച്ചറോട് ചോദിച്ചതിനാണ് പ്രിൻസിപ്പാൾ ശങ്കരിയുൾപ്പടെയുള്ള 11 കുട്ടികളെ നാല് മണിക്കൂർ ഉത്തരപ്പേപ്പറും പിടിച്ച് വെയിലത്ത് നിർത്തിയതെന്ന് അഭിനയ പറയുന്നു. മുഴുവൻ മാർക്ക് കിട്ടിയിട്ടും കോളനിയിൽ നിന്നായതുകൊണ്ട് മാത്രം അഭിനയയ്ക്കും വെയിലത്ത് നിൽക്കണ്ടി വന്നു.
വകുപ്പുതല നടപടി സസ്പെൻഷനിലൊതുങ്ങിയപ്പോൾ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടാൽ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസിന്‍റെ നിലപാട്. 98 ശതമാനം മാർക്ക് കിട്ടിയിട്ടും മെഡിക്കൽ സീറ്റ് കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർഥിനി അനിതയ്ക്ക് ശേഷം നാല് കുട്ടികൾ ജീവനൊടുക്കിയിട്ടും വിദ്യാഭ്യാസമന്ത്രി സെങ്കോട്ടൈയനോ മുഖ്യമന്ത്രിയോ ഇതുവരെ മിണ്ടിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam