
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇന്ന് അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ സംഘര്‍ഷത്തിലും പോലീസ് വെടിവെയ്പ്പിലും മരണസംഖ്യ 65 ആയി ഉയര്‍ന്നു. ബുര്‍ഹാൻ വാനിയുടെ വധത്തെ തുടര്‍ന്ന് കഴിഞ്ഞ 39 ദിവസമായി ജമ്മുകശ്മീരിൽ തുടരുന്ന പ്രതിഷേധത്തിന് ഇപ്പോഴും ശമനമായിട്ടില്ല. ബദ്ഗാം ജില്ലയിലെ ബീർവായിൽ വഴിതടഞ്ഞ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇന്ന് നാലുപേർ മരിച്ചത്. അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളും കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കുപറ്റി. പ്രദേശത്ത് കൂടുതൽ അര്‍ദ്ധസൈനിക വിഭാഗങ്ങളെ നിയോഗിച്ചു.
ഇന്നലെ ഭീകരാക്രമണത്തിൽ മരിച്ച സി.ആര്‍.പിഎഫ് കമാണ്ടന്റ് പ്രമോദ് കുമാറിന്റെ മൃതദേഹം ദില്ലിയിൽ എത്തിച്ച ശേഷം സ്വദേശമായ പശ്ചിമബംഗാളിലെ അസംസോളിലേക്ക് കൊണ്ടുപോയി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിമാനത്താവളത്തിലെത്തി ആദരാഞ്ജലികൾ അര്‍പ്പിച്ചു. സ്ഥിതി വിലയിരുത്താൻ രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിയെ കണ്ട് ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു.
അതിനിടെ, ചെങ്കോട്ടയിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ചതിനെതിരെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് രംഗത്തെത്തി. കശ്മീരിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. പാക്കിസ്ഥാനും നരകവും തമ്മിൽ വ്യത്യാസമില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കർ തിരിച്ചടിച്ചു. പാക് അധിനിവേശ കശ്മീരിൽ നിന്ന് ജമ്മു കശ്മീരിലേക്ക് കുടിയേറിയ 36,000 കുടുംബങ്ങൾക്ക് 2000 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാൻ ഇതിനിടെ കേന്ദ്ര സര്‍ക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam