
തിരുവനന്തപുരം: പാപ്പനംകോട് വൈറ്റ് ഡാമർ ഹോട്ടലിലെ ബാറിനുള്ളിൽ ആയുധങ്ങളുമായി അക്രമം നടത്തുകയും ബാർ ജീവനക്കാരെ മർദ്ദിച്ച് മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത അഞ്ചംഗ സംഘത്തെ നേമം പോലീസ് പിടികൂടി. ബാർ ജീവനക്കാരോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രതികൾ ബാറിലെത്തി കൗണ്ടർ തല്ലി പൊളിക്കുകയും കുപ്പികൾ അടിച്ചു തകർക്കുകയും ബാറിലുണ്ടായിരുന്നവരെ അസഭ്യം വിളിച്ച് ഓടിക്കുകയും ചെയ്ത ശേഷം ജീവനക്കാരെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വെള്ളായണി വാറുവിളാകത്തുവീട്ടിൽ മാഹീൻ മകൻ അനീഷ്(24), വള്ളക്കടവ് സുലൈമാനി സ്ട്രീറ്റിൽ നസീർ മകൻ നവാസ് (22), പൂഴിക്കുന്ന് പറങ്കിമാംവിള കോളനിയിൽ പീരു മുഹമ്മദ് മകൻ ഷെമീർ(30), തിരുവല്ലം മേനിലം ഋതുഭവനിൽ കൊച്ചു കൃഷ്ണൻ മകൻ രതീഷ്(38), നേമം കുളക്കടിയൂർകോണം തുഷാരഭവനിൽ തുളസീധരൻ മകൻ കിച്ചുവെന്ന് വിളിക്കുന്ന തുബിൻ രാജ്(24), എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. നേമം പോലീസ് ഇൻസ്പെക്ടർ കെ.പ്രദീപ്, എസ്.ഐമാരായ എസ്.എസ്.സജി, എസ്.വിമൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സി.പി.ഒ. അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.