2026-ലേക്ക് കടക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇതാ 5 വഴികള്‍

Published : Dec 15, 2025, 04:22 PM IST
credit score

Synopsis

2026-ല്‍ നിങ്ങളുടെ സാമ്പത്തിക നില, പ്രത്യേകിച്ച് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 കാര്യങ്ങള്‍ നോക്കാം:

2025-നോട് വിടപറഞ്ഞ് 2026-നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നാം. പുതുവര്‍ഷത്തില്‍ ജിമ്മില്‍ പോകണം, ആഹാരരീതി മാറ്റണം തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കാന്‍ പലരും തിരക്കുകൂട്ടുന്നുണ്ടാകും. എന്നാല്‍ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ഭദ്രതയുമെന്ന് എത്രപേര്‍ ചിന്തിക്കാറുണ്ട്?

ശാരീരികവും മാനസികവും സാമ്പത്തികവുമായ ആരോഗ്യം ഒത്തുചേരുമ്പോഴാണ് ജീവിതം സുരക്ഷിതമാകുന്നത്. സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ സമ്മര്‍ദ്ദമില്ലാതെ ജീവിതശൈലി മെച്ചപ്പെടുത്താനും ആഗ്രഹങ്ങള്‍ നിറവേറ്റാനും സാധിക്കും. 2026-ല്‍ നിങ്ങളുടെ സാമ്പത്തിക നില, പ്രത്യേകിച്ച് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 കാര്യങ്ങള്‍ നോക്കാം:

1. ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാം: രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വന്തം ക്രെഡിറ്റ് സ്‌കോര്‍ അറിയുന്നതും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കണം. എല്ലാ ക്രെഡിറ്റ് ബ്യൂറോകളും വര്‍ഷത്തില്‍ ഒരു സൗജന്യ റിപ്പോര്‍ട്ട് നിയമാനുസൃതം നല്‍കുന്നുണ്ട്. പല ബാങ്കുകളും തങ്ങളുടെ ഇടപാടുകാര്‍ക്ക് ഈ സേവനം സൗജന്യമായി നല്‍കാറുണ്ട്.

2. കൃത്യമായ നിരീക്ഷണം: വായ്പകളോ ക്രെഡിറ്റ് കാര്‍ഡോ കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം പോരാ, മാസാമാസമോ അല്ലെങ്കില്‍ മൂന്ന് മാസം കൂടുമ്പോഴോ സ്‌കോര്‍ പരിശോധിക്കണം. തിരിച്ചടവുകള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനും രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കും.

3. നിക്ഷേപവും വായ്പയും തമ്മിലുള്ള സന്തുലിതാവസ്ഥ: വലിയ ആവശ്യങ്ങള്‍ക്ക് കൈയിലുള്ള പണം മുഴുവന്‍ ചെലവാക്കുന്നതിന് പകരം വായ്പകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും ബുദ്ധിപരമായ നീക്കമാണ്. കൈയിലുള്ള പണം ലാഭം തരുന്ന പദ്ധതികളില്‍ നിക്ഷേപിക്കാം. എന്നാല്‍ വായ്പയുടെ പലിശയും നിക്ഷേപത്തില്‍ നിന്നുള്ള ലാഭവും താരതമ്യം ചെയ്ത് ലാഭകരമാണെങ്കില്‍ മാത്രം ഈ രീതി തിരഞ്ഞെടുക്കുക.

4. തിരിച്ചടവ് മുടങ്ങരുത്: ലോണ്‍ ഇഎംഐകള്‍ ഓട്ടോ-പേവഴി കൃത്യമായി അടയ്ക്കുക. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പൂര്‍ണ്ണമായും അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ 'മിനിമം എമൗണ്ട്' എങ്കിലും കൃത്യസമയത്ത് അടയ്ക്കാന്‍ ശ്രദ്ധിക്കണം. തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയെയും സ്‌കോറിനെയും ദോഷകരമായി ബാധിക്കും.

5. ബാധ്യതകള്‍ വരുമാനത്തിന് ഒതുങ്ങണം: വായ്പകള്‍ ആസ്തിയുണ്ടാക്കാന്‍ സഹായിക്കുമെങ്കിലും അതൊരു ബാധ്യത കൂടിയാണെന്ന് ഓര്‍ക്കുക. വരുമാനത്തിന് അനുസരിച്ചുള്ള ഇഎംഐ മാത്രമേ പാടുള്ളൂ. ഭാവിയില്‍ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ അമിത വായ്പകള്‍ എടുക്കാതിരിക്കുക.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ സ്വന്തം അപ്പാച്ചെ AH-64 വരുന്നു; 'ഫ്ലൈയിംഗ് ടാങ്ക്' രണ്ടാം ബാച്ച് ഈയാഴ്ച്ച രാജ്യത്തെത്തും
നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കിടെ നടി അയച്ചിരുന്ന സന്ദേശങ്ങള്‍ കണ്ടപ്പോഴെ തോന്നി അവള്‍ക്ക് നീതി കിട്ടില്ലെന്ന്: ദീദി ദാമോദരന്‍