മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: ആറു സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

By Web DeskFirst Published Aug 8, 2016, 8:07 AM IST
Highlights

സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ എം നസീറിന്റെ കൊലപാതകത്തില്‍ സി പി എം ഏരിയ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുമായ നവാസ്, പാര്‍ട്ടി പ്രവര്‍ത്തകരായ ജബ്ബാര്‍, സുബൈര്‍, ഫൈസല്‍, അജ്മല്‍, മൊഹമ്മദ് ഷാഫി, എന്നിവരാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതികള്‍ പാലാ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഘം ചേര്‍ന്ന് ആക്രമിക്കുക, മര്‍ദ്ദിക്കുക, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സി പി എമ്മിനെതിരെ തയ്യാറാക്കിയ ലേഖനങ്ങളും നോട്ടീസുകളും അടങ്ങിയ സി ഡി നസീറില്‍ നിന്ന് പിടിച്ചെടുക്കാനെത്തിയ പ്രതികള്‍ ആലോചിച്ചുറച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. സി ഡി പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ബലപ്രയോഗം നടന്നു. അതിനിടെ നസീറിന് തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റു. അതിശക്തമായി നിലത്തോ ഭിത്തിയിലോ തലയിടിപ്പിക്കുകയോ, കമ്പിവടിപോലുള്ള ആയുധങ്ങള്‍ കൊണ്ട് ശക്തമായി അടിക്കുകയോ ചെയ്യുമ്പോളുണ്ടാകുന്ന ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ വ്യക്തമായ ദൃക്‌സാക്ഷി മൊഴികള്‍ ലഭിക്കാത്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

click me!