
ദില്ലി: രാജ്യത്തിന്‍റെ ചരിത്രം മാറ്റിയെഴുതാൻ മോദി സര്‍ക്കാര്‍ ആറ് മാസം മുമ്പ് കമ്മിറ്റിയെ നിയോഗിച്ചെന്ന് റിപ്പോര്‍ട്ട്. യോഗത്തിന്‍റെ മിനുട്സ് പരിശോധിച്ചും കമ്മിറ്റി അംഗങ്ങളുമായി ഇന്‍റര്‍വ്യൂ നടത്തിയും റോയിട്ടേഴ്സ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഹിന്ദുപുരാണ ഗ്രന്ഥങ്ങൾ കെട്ടുകഥകൾ അല്ലെന്നും രാജ്യത്തെ ഇന്നത്തെ ഹിന്ദുക്കൾ രാജ്യത്തെ ആദിമ നിവാസികൾ ആയിരുന്നെന്നും പുരാരേഖകളുടെയും ഡി.എൻ.എ കണ്ടെത്തലുകളിലൂടെയും തെളിയിക്കാനുള്ള ദൗത്യത്തോടെയാണ് കമ്മിറ്റിയെ നിയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ ഒരുപറ്റം പണ്ഡിതർ മധ്യ ദില്ലിയിലെ വൈറ്റ് ബംഗ്ലാവിൽ ഒത്തുകൂടുകയും രാജ്യത്തിന്‍റെ ചരിത്രം എങ്ങനെ തിരുത്തിയെഴുതാം എന്ന് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
പുരാതന ഇന്ത്യാ ചരിത്രത്തിലെ ചില നിരീക്ഷണങ്ങൾ തിരുത്തിയെഴുതാൻ സഹായിക്കുന്ന തരത്തിലുള്ള റിപ്പോർട്ട് സമർപ്പിക്കാൻ തന്നോട് നിർദേശിച്ചതായി കമ്മിറ്റി ചെയർമാനായ കെ.എൻ. ദീക്ഷിത് പറഞ്ഞു. ഇന്ത്യാ ചരിത്രത്തെ പുനഃപരിശോധിക്കാൻ ഗ്രൂപ്പിനെ നിയമിച്ചതായി കമ്മിറ്റിയുടെ സൃഷ്ടാവ് സാംസ്കാരിക മന്ത്രി മഹേഷ് ശർമയും സ്ഥിരീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മുസ്ലിങ്ങൾ അരികുവൽക്കരിക്കപ്പെട്ടതായി ഒരിക്കലും തോന്നിയിട്ടില്ലെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ധീൻ ഉവൈസി പറഞ്ഞു.
എന്നാൽ ഭരണകൂടം മുസ്ലിങ്ങളോട് രണ്ടാം തരം പൗരൻമാരായി ജീവിക്കാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യ ചരിത്രത്തിന്‍റെ യഥാർഥ നിറം കാവിയാണെന്നും അത് പുറത്തുകൊണ്ടുവരാൻ ചരിത്രം തിരുത്തിയെഴുതണമെന്നും ആർ.എസ്.എസ് വക്താവ് മൻമോഹൻ വൈദ്യ റോയിട്ടേഴ്സിനോട് പറഞ്ഞു. ബി.ജെ.പി സർക്കാറിന്റെ പ്രത്യയശാസ്ത്ര മാർഗദർശിയാണ് ആർ.എസ്.എസ്.
ഇന്ത്യ ചരിത്രം പുനഃപരിശോധിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്ന് മഹേഷ് ശർമയും പറഞ്ഞു.
ഇന്ത്യയുടെ ഭൂതകാലം ഹിന്ദു പുരാണഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി പുനർനിർമിക്കേണ്ടതുണ്ടെന്നും അവ കെട്ടുകഥകൾ അല്ലെന്നും വസ്തുതകളാണെന്നും ആർ.എസ്.എസിന്റെ ചരിത്ര ഗവേഷണ വിഭാഗം മേധാവി ബൽമുകുന്ദ് പാണ്ഡെ പറഞ്ഞു. ഇൗ വിഷയത്തിൽ സാംസ്കാരിക മന്ത്രിയുമായി നിരന്തര കൂടിക്കാഴ്ചകൾ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ കണ്ടെത്തലുകൾ സ്കൂൾ പാഠപുസ്തകങ്ങളിലേക്കും അക്കാദമിക ഗവേഷണമേഖലയിലേക്കും നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സാംസ്കാരിക മന്ത്രി റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam