രാഹുലിന്റെ സുഹൃത്തായ പ്രജീഷിന്റെ ജേഷ്ഠൻ പ്രശാന്ത് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ജനുവരി 5 ന് ഒറ്റപ്പാലം കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
പാലക്കാട്: ഒറ്റപ്പാലം വരോടിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. പനമണ്ണ, വെള്ളിനേഴി സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കേസിലെ സാക്ഷികളെ ഹാജരാക്കാൻ ശ്രമിച്ചതിന്‍റെ വൈരാഗ്യത്തിൽ വരോട് സ്വദേശി രാഹുലിനെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. വ്യാഴാഴ്ച്ച വൈകീട്ട് 6 മണിക്ക് വരോട് കുണ്ടുപറമ്പ് ജംഗഷനിൽ വെച്ചാണ് ആക്രമണം നടന്നത്. രാഹുലിന്റെ സുഹൃത്തായ പ്രജീഷിന്റെ ജേഷ്ഠൻ പ്രശാന്ത് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ജനുവരി 5 ന് ഒറ്റപ്പാലം കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
ഈ കേസിലെ പ്രതികളായ വിജീഷ് കുമാറിനും ഷിജിലിനും എതിരെ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ രാഹുൽ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിലുള്ള വിരോധം മുൻനിർത്തി ബൈക്കിൽ പോവുകയായിരുന്ന രാഹുലിനെ മറ്റൊരു ബൈക്കിൽ എത്തിയ പ്രതികൾ തടഞ്ഞുനിർത്തുകയും കൈകൊണ്ട് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കൈവശം കരുതിയിരുന്ന കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു. ഒന്നാം പ്രതിയായ വിജീഷാണ് രാഹുലിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സൗത്ത് പനമണ്ണ വായനശാല ഭാഗത്തുനിന്നും വിജീഷ് കുമാറിനെയും ഷിജിലിനെയും തൃശ്ശൂർ ചാലക്കുടിയിൽ നിന്നും വൈശാഖിനെയും പിടികൂടുകയായിരുന്നു. രാഹുലിനെ കുത്താൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. നിലവിൽ വിജീഷ്കുമാറിന്റെ പേരിൽ 5 കേസുകളും ഷിജിലിന്റെ പേരിൽ 3 കേസുകളുമുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം പരിക്കേറ്റ രാഹുൽ അപകടനില തരണം ചെയ്തു.

