സാലറി ചലഞ്ച് ഏറ്റെടുത്ത് എ.കെ. ആന്‍റണി

By Web TeamFirst Published Aug 28, 2018, 2:05 PM IST
Highlights

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം ഏറ്റെടുത്ത് എ കെ ആന്‍റണിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.കെ. ആന്‍റണി ഒരു ലക്ഷം രൂപ നല്‍കും. എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി ചെലവഴിക്കും. 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം ഏറ്റെടുത്ത് എ കെ ആന്‍റണിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.കെ. ആന്‍റണി ഒരു ലക്ഷം രൂപ നല്‍കും. എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി ചെലവഴിക്കും. 

ചീഫ് സെക്രട്ടറി ടോം ജോസ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.  എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഈ ദൗത്യം ഏറ്റെടുക്കണമെന്ന് ടോം ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സാക്ഷരതാമിഷൻ ജീവനക്കാരും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഏറ്റെടുത്തു. സാക്ഷരതാമിഷൻ ഡയറക്ടറും മുഴുവൻ ജീവനക്കാരും (104പേർ)ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ജോലിനോക്കുന്ന ഡയറക്ടർ ഉൾപ്പെടെയുള്ള അഞ്ചു പേരൊഴികെ മറ്റെല്ലാവരും കരാർ-ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ്. അടിസ്ഥാനശമ്പളവും ദിവസവേതനവും മാത്രം പ്രതിമാസം കൈപ്പറ്റുന്നവരാണ് ഇവർ.

കേരളത്തിന്റെ നവനിർമിതിക്കായി കേരള ഗവ: നഴ്സ്സ് അസോസിയേഷൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തിരുമാനിച്ചിട്ടുണ്ട്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. ഉഷാദേവിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സ്വീകരിച്ച് ഐപിഎസ് അസോസിയേഷനും രംഗത്ത് വന്നു. ഐപിഎസുകാർ ഒരു മാസത്തെ ശമ്പളം ഒറ്റ ഗഡുവായി മുഖ്യമന്ത്രിക്ക് നൽകും. ഡിജിപി ലോക്നാഥ് ബഹ്റ തന്‍റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

എം ബി രാജേഷ് എംപി ഭാര്യ നിനിതാ  രാജേഷ് ( ഹയർ സെക്കഡറി അദ്ധ്യാപക ) എന്നിവർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന  ചെയ്യും എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം നൽകണമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.  അതേസമയം വിഎസ് ഒരു ലക്ഷം രൂപ കൈമാറി.

സ്പീക്കർ ഓഫീസിലെ മുഴുവൻ ജീവനക്കാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. മുൻ എംഎല്‍എ ആന്‍റണി രാജുവും ഭാര്യയും  ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. മുൻ എംഎല്‍എ പന്തളം സുധാകരൻ ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. സംസ്ഥാന വിവരാവകാശ കമീഷണർമാർ ഒരു മാസത്തെ ശമ്പളം സംഭാവന നൽകും. 

മുഖ്യവിവരാവകാശ കമീഷണർ വിൻസൺ എം പോൾ, കമീഷണർമാരായ എസ്.സോമനാഥൻ പിള്ള, ഡോ.കെ.എൽ വിവേകാനന്ദൻ , കെ.വി.സുധാകരൻ, പി.ആർ.ശ്രീലത എന്നിവർ ഇത് മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ തന്‍റെ ഒരു മാസത്തെ ശമ്പളവും ഒരു മാസത്തെ എം എൽ എ പെൻഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.  

ആരോഗ്യ മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിന്‍റെ സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രി കെ.കെ. ശൈലജ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു. 

click me!