മധുവിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കും: എ.കെ ബാലന്‍

By Web DeskFirst Published Feb 23, 2018, 2:23 PM IST
Highlights

തൃശൂര്‍: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച്   നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.  

മോഷണം നടന്നതായി വിശ്വസിക്കുന്നില്ല എന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. സംഭവം മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് അന്വേഷിക്കും. എല്ലാ പ്രതികളെയും നാളെയോടെ പിടിക്കും എന്നും മന്ത്രി പ്രതികരിച്ചു. 

അതേസമയം, ഇന്ന് കേരളം കരയേണ്ട ദിനമെന്ന് എകെ ആന്‍റണി പ്രതികരിച്ചു.  മലയാളികൾ ലജ്ജിച്ചു തല താഴ്ത്തേണ്ട ദിനം. നടുക്കമുണ്ടാക്കിയ വാർത്തയെന്നുംമെന്ന് എകെ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദിവാസി യുവാവ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കര്‍ശന നടപടിയെടുക്കണമെന്ന് ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്‌ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. കാട്ടിനുള്ളില്‍ നിന്ന് പിടികൂടിയ മധുവിനെ അവിടെ വെച്ചു തന്നെ മര്‍ദ്ദിച്ചു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്‌ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

click me!