കർണാടകയിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപന പ്രസംഗം തിരുത്താതെ നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യില്ലെന്ന് ഗവർണർ തവർ ചന്ദ് ഗെലോട്ട് നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്
ബെംഗളൂരു: കർണാടകയിലും സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ഗവർണർ അറിയിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. നിയമസഭ സമ്മേളനത്തിനായി സർക്കാർ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ തവർ ചന്ദ് ഗെലോട്ട് ഉടക്കിട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരായ രൂക്ഷവിമർശനങ്ങൾ ഉൾപ്പെടുത്തിയതാണ് ഗവർണറുടെ അതൃപ്തിക്ക് കാരണം. ഈ ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചെങ്കിലും വഴങ്ങാൻ സിദ്ധരാമയ്യ സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ തിരുത്താതെ സമ്മേളനത്തെ അഭിസംബോധന ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ. ഈ സാഹചര്യത്തിൽ സിദ്ധരാമയ്യ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നത് കണ്ടറിയണം.
കേരളത്തിലും നയപ്രസംഗ പോര്
ഇന്നലെ നിയമസഭയിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിലും ഗവർണർ - മുഖ്യമന്ത്രി പോര് ശക്തമായിരുന്നു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്തതും, ഈ ഭാഗങ്ങൾ കൂട്ടി ചേർത്ത് പിന്നീട് മുഖ്യമന്ത്രി വായിച്ചതും അസാധാരണ സംഭവമായി മാറി. നയപ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗമെല്ലാം മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെ എതിർപ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിക്കണമെന്നും, സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവർണർ വായിക്കാതെ വിട്ടത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്ത് വർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ഗവർണർ വിട്ട ഭാഗം വായിച്ചത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


