
കണ്ണൂര്‍: തന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. ഇതിന് മറുപടി പറയേണ്ടത് ആര്‍എസ്എസ് നേതൃത്വമാണെന്നും ഷംസീര്‍ എം എല്‍ എ പറഞ്ഞു.
'കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്റെ വീടിന് നേരെയുണ്ടായ ആക്രമണം. തലശ്ശേരിയിലെ ഒരു ചെറിയ കേന്ദ്രത്തില്‍ മാത്രമാണ് സംഘര്‍ഷമുണ്ടായിരുന്നത്. ഇത് പരിഹരിക്കാന്‍ എന്റെ കൂടി മുന്‍കയ്യിലാണ് എസ്പിയുടെ അധ്യക്ഷതയില്‍ സിപിഎം- ആര്‍എസ്എസ് നേതൃത്വങ്ങളുമായി സമാധാന ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് എന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞിരിക്കുന്നത്. ഇത് സമാധാനമുണ്ടാക്കണം എന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്'- ഷംസീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎം ഒരു കക്ഷിയല്ലെന്നും പിന്നെയെന്തിനാണ് സിപിഎമ്മിന് നേരെ തിരിയുന്നതെന്നും ഷംസീര്‍ ചോദിച്ചു. ആര്‍എസ്എസിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇതെന്നും ഷംസീര്‍ ആരോപിച്ചു.
അല്‍പസമയം മുമ്പാണ് എംഎല്‍എയുടെ, തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെ ബോംബേറുണ്ടായത്. ആക്രമണസമയത്ത് ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസത്തെ ബിജെപി ഹര്‍ത്താലിനെ തുടര്‍ന്ന് തലശ്ശേരി മേഖലയില്‍ സിപിഎം- ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഷംസീര്‍ എം എല്‍എയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam