
തിരുവനന്തപുരം: ശബരിമലയിലെ ശുദ്ധിക്രിയയുമായി ബന്ധപ്പെട്ടുളള തന്ത്രിയുടെ വിശദീകരണ കത്ത് കിട്ടിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ. ശുദ്ധിക്രിയ ചെയ്യുന്ന കാര്യം തന്ത്രി തന്നെ അറിയിച്ചിരുന്നു, എന്നാൽ ദേവസ്വം ബോർഡിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും പദ്മകുമാർ പറഞ്ഞു.
തന്ത്രിയടെ വിശദീകരണം കിട്ടിയ ശേഷം ബോർഡ് ചർച്ച ചെയ്യുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. യുവതീപ്രവേശനത്തെ കുറിച്ചുളള ഒരു കണക്കും കിട്ടിയിട്ടില്ലെന്നും പദ്മകുമാർ വ്യക്തമാക്കി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രി വിശദീകരണം നല്‍കിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ ചെയ്തത് ശരിയായ നടപടിയെന്നായിരുന്നു തന്ത്രി കണ്ഠര് രാജിവരുടെ വിശദീകരണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നും വിശദീകരണത്തില്‍ കണ്ഠര് രാജീവര് പറഞ്ഞിരുന്നു.
ശുദ്ധിക്രിയകള്‍ നടത്തിയത് ഏതെങ്കിലും നിഗമനത്തിന്‍റെയോ ഊഹാപോഹത്തിന്‍റെയോ അടിസ്ഥാനത്തിലല്ല. മറിച്ച് ആപത്സൂചകമായ അനര്‍ത്ഥങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തിലാണ്. തുലാമാസ പൂജ കാലത്തും ചിത്തിര ആട്ട വിശേഷത്തിനും ഇത്തരം സംഭവങ്ങളുണ്ടായി. ഇങ്ങനെയുണ്ടായാല്‍ തന്ത്രശാസ്ത്ര വിധിപ്രകാരം ക്ഷേത്രമാഹാത്മ്യം പുനസ്ഥാപിക്കാനും ദേവചെതൈന്യപുഷ്ഠിക്കുമായി പ്രായശ്ചിത്ത പുണ്യാഹാദി ശുദ്ധിക്രിയകള്‍ അനിവാര്യമാണെന്നും തന്ത്രി വിശദീകരിച്ചിരുന്നു.
നട തുറന്ന ഡിസംബര്‍ 31 ന് പൂജകൾ ഒന്നും ഇല്ലാതിരുന്നതിനാലും ഒന്നാം തീയതി വലിയ തിരക്ക് ഉണ്ടായിരുന്നതിനാലും 2-ാം തിയതി ശുദ്ധിക്രിയ നടത്തുകയായിരുന്നു. അല്ലാതെ യുവതി പ്രവേശത്തെ തുടര്‍ന്നാണ് നടയടച്ചതെന്ന വാദം തെറ്റാണെന്നുമായിരുന്നു തന്ത്രിയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam